മാന്‍വെട്ടം പള്ളി തിരുനാള്‍: ഇന്ന് കര്‍ഷകദിനം
1418580
Wednesday, April 24, 2024 7:22 AM IST
മാന്‍വെട്ടം: സെന്റ് ജോര്‍ജ് പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിനോടനുബന്ധിച്ച് ഇന്ന് കര്‍ഷകദിനമായി ആചരിക്കും. മധ്യസ്ഥ പ്രാഥനയില്‍ പ്രത്യേകമായി കര്‍ഷകര്‍ക്കും കൃഷിയിടങ്ങള്‍ക്കും കാര്ഷികോത്പന്നങ്ങള്ക്കും വേണ്ടിയുള്ള പ്രാര്‍ഥനകളും നടത്തും.
ഉച്ചകഴിഞ്ഞ് കര്ഷകസമ്മേളനവും കാര്‍ഷികോത്പന്ന സമര്‍പ്പണവും ഭക്ഷ്യമേളയും ഉത്പന്നലേലവും ഉണ്ടായിരിക്കും. 2.30ന് നടക്കുന്ന കര്‍ഷക സമ്മേളനത്തില്‍ കൃഷിവകുപ്പ് റിട്ടയേര്‍ഡ് ജോയിന്റ് ഡയറക്ടര്‍ കെ.ജെ. ഗീത അടുക്കളത്തോട്ടവും പുരയിട പച്ചക്കറികൃഷിയും എന്ന വിഷയത്തില്‍ ക്ലാസ് നയിക്കും. ക്ലാസിനു ശേഷം ചേരുന്ന സമ്മേളത്തില്‍ വികാരി ഫാ. സൈറസ് വേലംപറമ്പില്‍ അധ്യക്ഷത വഹിക്കും.
പാലാ രൂപത പിഎസ്ഡബ്ല്യുഎസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോസഫ് താഴത്തുവരിക്കയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മികച്ച കര്ഷകന്, സമ്മിശ്ര കര്ഷകന്, ക്ഷീരകര്ഷകന് എന്നിവരെ യോഗത്തില്‍ ആദരിക്കും. അഞ്ചിന് വിശുദ്ധ കുർബാന: ഫാ.ജോസഫ് താഴത്തുവരിക്കയില്‍. ഉത്പന്നങ്ങള്‍ സമര്‍പ്പിക്കുവാനായി കൊണ്ടുവരുന്നവര്‍ പള്ളിമുറ്റത്ത് അവരവരുടെ വാര്‍ഡിനായി ക്രമീകരിച്ചിരിക്കുന്ന പ്രത്യേകമായിട്ടുള്ള സ്ഥലത്ത് ഉത്പന്നങ്ങള്‍ വയ്ക്കണം.
കൂടുതല്‍ മൂല്യമുള്ള ഉത്പന്നങ്ങള്‍ സമര്‍പ്പിക്കുന്ന വാര്‍ഡുകള്‍ക്ക് മാന്‍വെട്ടം കര്‍ഷക ഫെഡറേഷന് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് കാഷ് അവാര്‍ഡും സമ്മാനങ്ങളും നല്‍കും. രണ്ട് പ്രോത്സാഹന സമ്മാനങ്ങളും ഇതോടൊപ്പം നല്‍കും. ഒരേ ഉത്പന്നങ്ങള്‍ ഒന്നിച്ചുകൂട്ടി വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ലേലം ചെയ്തു വില്‍ക്കും.
ലേലസമയത്ത് ഭക്ഷ്യമേളയും ഉണ്ടായിരിക്കും. മാന്‍വെട്ടം കര്‍ഷക ഫെഡറേഷന്, എകെസിസി, പിതൃവേദി, മാതൃവേദി, എസ്എംവൈഎം എന്നിവരുടെ നേതൃത്വത്തിലുള്ള ഭക്ഷ്യവിഭവങ്ങള്‍ വിവിധ വിവിധ സ്റ്റാളുകളില്‍നിന്ന് ലഭിക്കും.
ഫാ. ജോസഫ് ചൂരക്കല്‍, സി.എം. ജോര്‍ജ് വടക്കേകാലയില്, പി.എം. ജോര്‍ജ് പുത്തൂപ്പള്ളി, വി.ജെ. സെബാസ്റ്റ്യന്‍ വിരുത്തിയില്‍, സാലിമ്മ ജോളി അറയ്ക്കല്‍, ബെന്നി കിഴക്കെപുത്തൂപള്ളി, ജോയ് ചൂരകുഴിയില് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. തിരുനാളിനോടുനുബന്ധിച്ച് വയോജനദിനമായി ആചരിച്ച ഇന്നലെ ഇടവകയിലെ വയോജനങ്ങള്‍ക്കുവേണ്ടി ദിവ്യബലിയും പ്രാര്‍ഥനയും നടന്നു. തുടർന്ന് എസ്എംവൈഎമ്മിന്റെ നേതൃത്വത്തില്‍ വയോജനസംഗമവും സ്നേഹവിരുന്നും നടന്നു.