കാഞ്ഞിരപ്പള്ളി: കേരള മനസാക്ഷിയെ ഞെട്ടിച്ച നരബലി വേദിയിലെത്തിച്ച് മാമ്മൂട് സെന്റ് ഷാന്താള് സ്കൂള്‍ യുപി വിഭാഗം നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂളിലെ ജീവനക്കാരനായ സോജന് സെബാസ്റ്റ്യന്റെ തിരക്കഥയില്‍ ‘’നിറങ്ങള്‍’’ എന്ന പേരിലാണ് നാടകം അവതരിപ്പിച്ചത്. സമകാലീന സംഭവങ്ങള്‍ കോര്‍ത്തിണക്കിയ അഞ്ച് വിഷയങ്ങളിലൂടെ നാടകത്തിന്റെ കഥ കടന്നുപോയി. ആദിവാസികളോടുള്ള ആക്രമണം, സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമം എന്നിവയും നരബലിക്കൊപ്പം അരങ്ങിലെത്തി. അക്സ മരിയ സിബി, ഇഷിത ട്രീസ ആന്റണി, അഞ്ജലി ജാക്സണ്, കീര്‍ത്തന സതീഷ്, കരോളിന് ആന്റണി, മരിയ മാത്യു, കീര്‍ത്തന നവീന്‍, അഭിയ അന്ന തോമസ് എന്നിവരാണ് അഭിനയിച്ചത്. ഈ നാടകത്തിലെ പ്രധാന വേഷം അവതരിപ്പിച്ച ആക്സ മരിയ സിബി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
അദ്രിജ പാടുകയാണ് തനിച്ച്
കാഞ്ഞിരപ്പള്ളി: പരിശീലനമൊന്നും അദ്രിജയ്ക്കു വേണ്ട, തനിയെ പഠിച്ച്, സമ്മാനങ്ങള്‍ വാരിക്കൂട്ടുകയാണ് അദ്രിജ ഭായ്. ഹയര്‍ സെക്കന്‍ഡറി വിഭാഗം മലയാളം പദ്യം ചൊല്ലല്ലില് ഒന്നാം സ്ഥാനം നേടിയ ഡി. അദ്രിജാ ഭായ് തമിഴ് പദ്യം ചൊല്ലല്ലില് രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. ലളിത ഗാനം , ദേശഭക്തിഗാനം എന്നിവയില്‍ ഇന്ന് മാറ്റുരയ്ക്കുന്നുണ്ട്. സുഗതകുമാരിയുടെ ‘എന്തുപറ്റി നമുക്ക്’ എന്ന കവിത ചൊല്ലിയാണ് അദ്രിജ ഒന്നാം സ്ഥാനം നേടിയത്. വര്‍ഷങ്ങളായി മത്സര രംഗത്തുണ്ടെങ്കിലും പദ്യം ചൊല്ലലില്‍ ഒന്നാമതെത്തുന്നത് ഇതാദ്യമാണ്. മുത്തോലി സെന്റ് ആന്റണീസ് സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയായ അദ്രിജ പടിഞ്ഞാറ്റിന്‍കര ആയാംചിറക്കുന്നേല് എ.പി. രമയുടെ മകളാണ്.
ഉറുദുവില്‍ മുഹമ്മദ്
കാഞ്ഞിരപ്പള്ളി: ഉറുദു മുഹമ്മദ് റമീസിന് ഈസിയാണ്. കഥപറയും കവിത ചൊല്ലും ലേഖനമെഴുതും. ഹയര്‍ സെക്കന്‍ഡറി വിഭാഗം ഉറുദു കഥ, കവിത, ഉപന്യാസ രചനകളിലാണ് മുഹമദ് റമീസ് ഒന്നാം സ്ഥാനം നേടിയത്. അടുത്തിടെയുണ്ടായ അപകടത്തെത്തുടന്ന് കൈയ്ക്കേറ്റ പരിക്കുമായാണ് മത്സരിക്കാനെത്തിയത്. കാളകെട്ടി എഎംഎച്ച്എസ്എസ് പ്ലസ്ടു വിദ്യാര്‍ഥിയായ മുഹമദ് കാഞ്ഞിരപ്പള്ളി എന്‍എച്ച് സ്കൂളിലെ പഠനത്തിലാണ് ഉറുദുവില്‍ ആകൃഷ്ടനായത്.
തുടര്‍ന്ന് ചിട്ടയായ പരിശീലനത്തിലൂടെ വിജയം നേടിയെടുക്കുകയായിരുന്നു. ഹൈസ്കൂള്‍ വിഭാഗം ഉറുദു കവിതാ രചനയില്‍ സംസ്ഥാനതലത്തില്‍ മത്സരിച്ചിട്ടുണ്ട്. മലയാളം കഥാ, കവിത രചനകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ടെങ്കിലും ഉറുദുവിനോടുള്ള ഇഷ്ടത്താല്‍ ഉറുദു വേദിയില്‍ മത്സരിക്കുകയായിരുന്നു.
ചേട്ടന് അനുജത്തിയുടെ
ഗുരുദക്ഷിണ
കാഞ്ഞിരപ്പള്ളി: തുടര്‍ച്ചയായ അഞ്ചു വര്‍ഷം സംസ്ഥാന ജേതാവായ ചേട്ടന് പരിശീലിപ്പിച്ചാല്‍ അനിയത്തിക്കുട്ടിക്ക് ഒന്നാം സമ്മാനം നേടാതിരിക്കാന്‍ കഴിയില്ലല്ലോ. ഹൈസ്കൂള്‍ വിഭാഗം അറബിക് പദ്യപാരായണത്തിലാണ് ചേട്ടന് ആഷിഖിന്റെ ശിക്ഷണത്തില്‍ കെ.എന്‍. അനീസ ജേതാവായത്. തലയോലപ്പറമ്പ് എ.ജെ. ജോണ്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അനീസ. ആഷിക് തുടര്‍ച്ചയായ അഞ്ചു വര്‍ഷം ഇതേ വിഭാഗത്തില്‍ സംസ്ഥാന ചാമ്പ്യനായിരുന്നു ആഷിഖ്. കോട്ടയം നഗരസഭാ ജീവനക്കാരനായ നൗഷാദാണ് ആഷിഖിനെ പരിശീലിപ്പിച്ചത്. അനീസ ഒപ്പനയില്‍ എ. ഗ്രേഡ് ലഭിച്ച സ്കൂള്‍ ടീമിലും അംഗമാണ്.