പാലാ: കാലത്തിനൊപ്പം സഞ്ചരിക്കാനും സ്കൂൾ പഠനകാലത്ത് തന്നെ തങ്ങളുടെ അഭിരുചികൾ തിരിച്ചറിയാനും വിദ്യാർഥികളെ പ്രാപ്തരാക്കാൻ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലും സെന്റ് അഗസ്റ്റിൻസ് എൽപി സ്കൂളിലും ഉദയം 2023 എന്ന പേരിൽ നൂതന പദ്ധതി നടപ്പിലാക്കുന്നു. പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, മാർ സ്ലീവാ മെഡിസിറ്റി , സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി, സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്, പാലാ കമ്യൂണിക്കേഷൻ, സെന്റ് തോമസ് കോളജ് തുടങ്ങി വിവിധ സ്ഥാപനങ്ങൾ പദ്ധതിയുടെ ഭാഗമാകുന്നു.
ലാബുകളും പഠന സൗകര്യങ്ങളും പങ്കുവയ്ക്കൽ, കായിക മേഖലയിലെ സഹകരണം, പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്കുള്ള കൗണ്‍സിലിംഗ്, മാതാപിതാക്കൾക്കുള്ള കൗണ്‍സിലിംഗ്, കലാ പരിശീലനം, എൻട്രൻസ് പരിശീലനം, സിവിൽ സർവീസ് പരിശീലനം, ആരോഗ്യപരിപാലനം തുടങ്ങി വിവിധ മേഖലകളിലെ സഹകരണവും പരിശീലനവും ബോധവൽക്കരണവുമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം ഒന്നിന് രാവിലെ പത്തിന് പ്രവിത്താനം ഫൊറോന പാരിഷ്ഹാളിൽ നടക്കും.സ്കൂൾ മാനേജർ ഫാ. ജോർജ് വേളൂപ്പറന്പിലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. മാണി സി. കാപ്പൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. മോണ്‍. ജോസഫ് മലേപ്പറന്പിൽ, മോണ്‍. സെബാസ്റ്റ്യൻ വേത്താനത്ത്, മോണ്‍. ജോസഫ് കണിയോടിക്കൽ, വിവിധ സ്ഥാപന മേധാവികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കുമെന്ന് ഫാ. ജോർജ് വേളൂപറന്പിൽ, സോണി മൈക്കിൾ തെക്കേൽ, ജോജി ഇന്നസെന്റ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു.