അല്‍ഫോന്‍സ തീര്‍ഥാടന കേന്ദ്രത്തില്‍ മേയ് ഫ്ളവര്‍ പ്രോഗ്രാം 25 മുതല്‍
1561488
Wednesday, May 21, 2025 11:49 PM IST
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സ തീര്‍ഥാടന കേന്ദ്രത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആത്മീയ വിരുന്ന് മേയ് ഫ്ളവര്‍ 2025 എന്ന പേരില്‍ വിവിധ പരിപാടികളോടെ നടത്തും. 25 മുതല്‍ 31 വരെയാണ് പ്രോഗ്രാം. വിപരീത സാഹചര്യങ്ങളില്‍ ഫലം ചൂടുന്ന മേയ് ഫ്ളവര്‍ വിശുദ്ധ അല്ഫോന്സായുടെ പ്രതീകമാണ്.
ഏഴു വയസിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമായുള്ള ആത്മീയ ശുശ്രൂഷ 25ന് ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ 4.30 വരെ നടത്തും. ജിന്‍സി ജോസഫ് സന്ദേശം നല്‍കും. കുഞ്ഞുങ്ങള്‍ക്കു വേണ്ടി പ്രത്യേക സമര്‍പ്പണ പ്രാര്‍ഥനയും അഭിഷേക ശൂശ്രൂഷയും ഉണ്ടായിരിക്കും.
26ന് ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ അഞ്ചുവരെ അല്ഫോന്സിയന് കുടുംബ സമ്മേളനം നടത്തും. അല്ഫോന്സിയന് ആത്മീയതയില്‍ ജീവിക്കുന്ന കുടുംബങ്ങളുടെ കൂട്ടായ്മയാണിത്. ഫാ. ആന്റണി തോണക്കര സന്ദേശം നല്‍കും.
27ന് അല്ഫോന്സിയന് വോളണ്ടിയേഴ്സിന്റെ കുടുംബസമ്മേളനം നടക്കും. ഷ്റൈനില്‍ സജീവ ശുശ്രൂഷ നിര്‍വഹിക്കുന്ന 101 വോളണ്ടിയേഴ്സിന്റെയും അവരുടെ കുടുംബങ്ങളുടെയും ഒത്തുചേരലാണിത്. ഫാ. തോമസ് കാഞ്ഞിരക്കോണം ഒഎഫ്എം ക്ലാസെടുക്കും.
28നു രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ സീനിയര്‍ സിസ്റ്റേഴ്സിനുള്ള ആത്മീയ ശുശ്രൂഷ നടക്കും. 60 വയസിനു മുകളില്‍ പ്രായമുള്ള സമര്‍പ്പിതര്‍ക്കു വേണ്ടിയുള്ള പ്രോഗ്രാമാണിത്. ഫാ. ജോസഫ് കൈതോലില്‍ സന്ദേശം നല്‍കും. ആരാധന, അഭിഷേക പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, സ്നേഹവിരുന്ന് എന്നിവയുണ്ടായിരിക്കും.
29ന് ജൂണിയര്‍ സമര്‍പ്പിതര്‍ക്കുള്ള ശുശ്രൂഷ രാവിലെ 9.30നു ജപമാലയോടെ ആരംഭിക്കും. ഫാ. ജോസഫ് പറമ്പിത്തടത്തില് സന്ദേശം നല്‍കും. 30ന് ഉച്ചകഴിഞ്ഞ് നാലുമുതല്‍ ആറുവരെ അല്ഫോന്സിയന് അധ്യാപക കൂട്ടായ്മ നടക്കും. ഡോ. സണ്ണി കുര്യാക്കോസ് ക്ലാസെടുക്കും. ക്ലാസുമുറികളിലെ അധ്യയനം അനുഭവമാക്കുന്നതിന് ആവശ്യമായ കര്‍മപദ്ധതികളെ സംബന്ധിച്ച ചര്‍ച്ചയും സമ്മേളനത്തില്‍ നടത്തും. 31നു രാവിലെ 9.30 മുതല്‍ 11.30 വരെ വിദ്യാലയ വര്‍ഷാരംഭ പ്രാര്‍ഥന നടത്തും. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക അഭിഷേക ശുശ്രൂഷയുമുണ്ടായിരിക്കും.
ഒരാഴ്ച നീണ്ടു നില്ക്കുന്ന ഈ ആത്മീയ വിരുന്നിന് ഭരണങ്ങാനം അല്‍ഫോന്‍സ ഷ്റൈന്‍ റെക്ടര്‍ റവ. ഡോ. അഗസ്റ്റിന് പാലയ്ക്കപ്പറമ്പില്‍, വൈസ് റെക്ടര്‍മാരായ ഫാ. ആന്റണി തോണക്കര, ഫാ. ജോസഫ് ജോസഫ് അമ്പാട്ട് എന്നിവരും ഫാ. ഏബ്രഹാം കണിയാംപടിക്കല്, ഫാ. അലക്സ് മൂലക്കുന്നേല്‍, ഫാ. ഏബ്രഹാം ഏരിമറ്റം, ഫാ. സെബാസ്റ്റ്യന്‍ നടുത്തടം, ഫാ. ജോര്‍ജ് ചീരാകുഴി, ഫാ. കുരുവിള തുടിയന്‍പ്ലാക്കല്‍, ഫാ. തോമസ് തോട്ടുങ്കല്‍ എന്നിവരും ഷ്റൈനിലെ വോളണ്ടിയേഴ്സും നേതൃത്വം നല്‍കും. ഫോണ്‍: 8301065244.