ഇംഗ്ലീഷ് ഭാഷയെ അടുത്തറിഞ്ഞ് സ്കൂള്‍ വിദ്യാര്‍ഥികള്‍
1564106
Sunday, June 1, 2025 7:05 AM IST
കോട്ടയം: ഇംഗ്ലീഷ് ഭാഷയെയും സാഹിത്യത്തെയും കൂടുതലായി അറിയാന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കി എംജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സ് സംഘടിപ്പിച്ച പ്രത്യേക പരിശീലന പരിപാടി സമാപിച്ചു. മൂന്നാഴ്ച നീണ്ടുനിന്ന പരിപാടിയില്‍ എട്ടു മുതല്‍ പ്ലസ് ടൂ വരെ ക്ലാസുകളിലെ പതിനെട്ട് വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
ചലച്ചിത്ര സംവിധായകരായ ദിലീഷ് പോത്തന്, സിദ്ധാര്‍ഥ ശിവ, കവയത്രി ആനി ജോര്‍ജ് തുടങ്ങിയവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള ആശയവിനിമയശേഷി വര്‍ധിപ്പിക്കുന്നതിനും സാഹിത്യാഭിരുചി പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി നടത്തിയത്.
സമാപനച്ചടങ്ങില്‍ സര്‍വകലാശാലയിലെ വൈക്കം മുഹമ്മദ് ബഷീര്‍ ചെയര്‍ പ്രഫസര്‍ പ്രഫ. കെ.എം. കൃഷ്ണന്, സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടര്‍ ഡോ. സജി മാത്യു, ഡോ. ദീപ റേച്ചല്‍ തോമസ്, ഡോ. ലിന്‍സി കെ. തങ്കപ്പന് എന്നിവര്‍ പ്രസംഗിച്ചു.