പാലായില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
1563636
Friday, May 30, 2025 10:41 PM IST
പാലാ: വളര്‍ത്തുമൃഗങ്ങള്‍ക്ക് രാത്രികാല ചികിത്സയ്ക്കായി പാലാ സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. വൈകുന്നേരം ആറുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് മൊബൈല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം.
രാത്രികാലങ്ങളില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് അടിയന്തര ചികിത്സയ്ക്കായി 1962 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിക്കാം. ചികിത്സ വീട്ടുമുറ്റത്ത് ലഭിക്കും. ഒരു ഡോക്ടറുടെയും അറ്റന്‍ഡറുടെയും സേവനം മൊബൈല്‍ യൂണിറ്റില്‍ ഉണ്ടാവും. വാഹനത്തില്‍ സജ്ജമാക്കിയിട്ടുള്ള ക്യൂആര്‍ കോഡ് വഴി നേരിട്ട് ഫീസ് അടയ്ക്കാം.
മൊബൈല്‍ യൂണിറ്റിന്റെ ഉദ്ഘാടനവും ഫ്ളാഗ്ഓഫ് കര്‍മവും മാണി സി. കാപ്പന് എംഎല്‍എ നിര്‍വഹിച്ചു. പാലാ മൃഗാശുപതിയില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്മാന് തോമസ് പീറ്റര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ ബിജി ജോജോ, കൗണ്‍സിലര്‍ സാവിയോ കാവുകാട്ട്, ഡോ. കെ.പി. നീതു, സീനിയര്‍ വെറ്ററിനറി സര്ജന് ജോജി മാത്യു, ഡോ. ധനേഷ് കൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
മൃഗസംരക്ഷണ വകുപ്പ് ളാലം ബ്ലോക്ക് കേന്ദ്രീകരിച്ച് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മൊബൈല്‍ വെറ്ററിനറി യൂണിറ്റ് അനുവദിച്ചത്. ളാലം ബ്ലോക്കിന് അനുവദിച്ച മൊബൈല്‍ സേവനം ഈരാട്ടുപേട്ട ബ്ലോക്ക് ഉള്‍പ്പെടെയുള്ള പഞ്ചായത്തുകള്‍ക്കും ലഭിക്കും.