സൗത്ത് പാമ്പാടിയിൽ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി
1561666
Thursday, May 22, 2025 7:02 AM IST
പാന്പാടി: സൗത്ത് പാമ്പാടി ഇല്ലിമറ്റം വെയിറ്റിംഗ്ഷെഡിന് പടിഞ്ഞാറുവശത്ത് കുരുവിക്കാട്ടുപടിയിൽനിന്ന് എട്ട് അടി നീളവും 15 കിലോ തൂക്കവും വരുന്ന പെരുമ്പാമ്പിനെ പിടികൂടി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
ഇല്ലിമറ്റം ചപ്പാത്ത് റോഡിലൂടെ വന്ന ഇരുചക്ര വാഹനക്കാരനാണ് റോഡിനു കുറുകെ കിടന്ന പാമ്പിനെ കണ്ടത്. അയൽവാസിയായ കല്ലുപുരയിൽ സന്തോഷിനെ വിവരം അറിയിച്ചു.
പെരുമ്പാമ്പിനെ പിടിച്ച് പരിചയമുള്ള പാമ്പാടി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് അഡ്വ. സിജു കെ. ഐസക്കിനെ സന്തോഷ് വിവരം അറിയിച്ചു. സിജുവാണ് പാമ്പിനെ പിടിച്ചു ചാക്കിലാക്കിയത്. ഇന്നലെ രാവിലെ പാമ്പിനെ എരുമേലിഫോറസ്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥർക്ക് കൈമാറി.