"എസി കനാലിലെ കടകലും പോളയും നീക്കംചെയ്ത് ഒഴുക്ക് സുഗമമാക്കണം'
1561681
Thursday, May 22, 2025 7:15 AM IST
ചങ്ങനാശേരി: മനയ്ക്കച്ചിറ, പൂവം, ടെംകോ പാലം തുടങ്ങിയ ഭാഗങ്ങളില്‍ മണ്‍സൂണ്‍ കാലയളവില്‍ അടിക്കടിയുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാന്‍ എസി റോഡില്‍ പുതുതായി നിര്‍മിച്ചിരിക്കുന്ന കലുങ്കുകള്‍ തുറക്കുന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് എസി കനാല്‍ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
എസി റോഡിന് തെക്കുവശത്ത് അടിക്കടിയുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാന്‍ എസി കനാല്‍ മണിമല ആറ്റിലേക്ക് സംയോജിക്കുന്ന ഒന്നാംകര കനാല്‍ മുഖത്തെ എക്കല്‍ നീക്കി കനാലിലെ ഒഴുക്ക് വര്‍ധിപ്പിക്കണം.
അതിവര്‍ഷം ശക്തമാകുന്നതിന് മുന്‍പ് കനാലിലെ കടകലും പോളയും നീക്കം ചെയ്ത് മാലിന്യമുക്തമാക്കണം. റെയില്‍വേ തോടുവഴി ആവണിത്തോട്ടിലൂടെ മനയ്ക്കച്ചിറ പുത്തന്‍ തോട്ടിലേക്ക് ഒഴുകുന്ന മലിനജലം ശാസ്ത്രീയമായി ഫില്‍റ്റര്‍ ചെയ്യണം. കനാലില്‍ അടിഞ്ഞുകൂടിയിരിക്കുന്ന എക്കല്‍ കോരിമാറ്റി സ്വഭാവിക നീരൊഴുക്ക് സുഗമമാക്കണം.
കനാല്‍ സൗന്ദര്യവത്കരിച്ച് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണം. വെള്ളപ്പൊക്ക നിയന്ത്രണത്തിനും മലിനീകരണം തടയുന്നതിനും കനാല്‍ പള്ളാത്തുരുത്തിയിലേക്ക് തുറക്കണമെന്നും എസി കനാല്‍ സംരക്ഷണ സമിതി നടത്തിയ മണ്‍സൂണ്‍ ചര്‍ച്ചാ സമ്മേളനം ആവശ്യപ്പെട്ടു.
സമിതി ചെയര്മാന് നൈനാന് മുളപ്പാംമഠം ഉദ്ഘാടനം ചെയ്തു. സമിതി ജനറല്‍ കണ്‍വീനര്‍ എ.സി. വിജയപ്പന് അധ്യക്ഷത വഹിച്ചു. അലക്സാണ്ടര്‍ പുത്തന്‍പുര, കെ.ജെ. ജയിംസ് മുട്ടാര്‍ സുരേന്ദ്രന്, പൂവം വിശ്വപ്പന്‍, റോണി കുരിശുംമൂട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.