റിട്ടയേർഡ് എസ്ഐ മാമ്മന്റെ കണ്ണുകൾ രണ്ടുപേർക്ക് വെളിച്ചമാകും
1561894
Friday, May 23, 2025 6:58 AM IST
പെരുവ: കഴിഞ്ഞ ദിവസം അന്തരിച്ച റിട്ടയേർഡ് എസ്ഐ ശാന്തിപുരം പഴയമ്പള്ളിൽ പി.ജെ. മാമ്മൻ (70) യാത്രയാകുന്നത് രണ്ടു പേർക്ക് വെളിച്ചം നൽകി. മാമ്മൻ വിടവാങ്ങിയെങ്കിലും അദ്ദേഹത്തിന്റെ കണ്ണുകൾ അന്ധരായ രണ്ടുപേരുടെ ജീവിതത്തിൽ വെളിച്ചമേകും.
പെരുവ ശാന്തിപുരം ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ നേത്രദാന കാമ്പയിന്റെ ഭാഗമായി 15 വർഷം മുൻപ് മാമ്മൻ കണ്ണ് ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ട് നൽകിയിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് മാമ്മൻ അന്തരിച്ചത്.
തുടർന്ന് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുമായി മക്കളായ കിഷോറും ജസ്വിനും ബന്ധപ്പെട്ടു. ആശുപത്രിയിലെ വിദഗ്ദ്ധ സംഘം നേരിട്ടെത്തി കണ്ണുകൾ എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി.
വെള്ളിയാഴ്ച രാവിലെ പത്തിന് സംസ്കാര ശുശ്രൂഷകൾ വീട്ടിൽ ആരംഭിച്ച് 10.30 ന് ശാന്തിപുരം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നടക്കും. ഭാര്യ: ലില്ലി മാമ്മൻ.