സിവിൽ സർവീസ് റാങ്ക് ജേതാവ് സോണറ്റിന് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ സ്വീകരണം
1561903
Friday, May 23, 2025 10:35 PM IST
മുണ്ടക്കയം: സിവിൽ സർവീസ് പരീക്ഷയിൽ 54-ാം റാങ്ക് നേടിയ സോണറ്റ് ജോസിന് മാതൃ വിദ്യാലയമായ മുണ്ടക്കയം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്വീകരണം നൽകും.
ജൂൺ രണ്ടിന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ മാനേജർ റവ.ഡോ. ജയിംസ് മുത്തനാട്ട് അധ്യക്ഷത വഹിക്കും. വി.യു. കുര്യാക്കോസ് ഐപിഎസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. അഴുത ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.ആർ. വിജയൻ, കൊക്കയാർ പഞ്ചായത്ത് മെംബർ സ്റ്റാൻലി സണ്ണി, എസ്പിസി പ്രൊജക്ട് ഇടുക്കി എഡിഎൻഒ എസ്.ആർ. സുരേഷ് ബാബു, പെരുവന്താനം എസ്എച്ച്ഒ ത്രിദീപ് ചന്ദ്രൻ, ഹെഡ്മാസ്റ്റർ സാജു കുര്യൻ, കായിക പരിശീലകൻ സന്തോഷ് ജോർജ്, അധ്യാപകരായ സുനിൽ സെബാസ്റ്റ്യൻ, ജിസ്ജോ എം. ജോസഫ്, ടി.വി.ജോയസ് തുടങ്ങിയവർ പ്രസംഗിക്കും.
സമ്മേളനത്തിൽ കായിക പരിശീലകൻ സന്തോഷ് ജോർജിനെയും എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 36 കുട്ടികളെയും എൻഎംഎംഎസ് സ്കോളർഷിപ്പ് നേടിയ 10 കുട്ടികളെയും ആദരിക്കും. സംസ്ഥാനത്ത് ആദ്യമായി സിവിൽ സർവീസ് റാങ്ക് നേടിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്ന ബഹുമതി സ്കൂളിലെ പൂർവ വിദ്യാർഥിനിയായ സോണറ്റിന് സ്വന്തമാണ്.
1979ൽ ആരംഭിച്ച സ്കൂളിൽ ഇപ്പോൾ 700ൽ അധികം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. കഴിഞ്ഞ 13 വർഷമായി എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം നേടുന്ന സ്കൂളിന് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് മലബാറിന് തെക്ക് ഏറ്റവും കൂടുതൽ കുട്ടികൾ കരസ്ഥമാക്കുന്ന സ്ഥാപനമെന്ന ബഹുമതിയും ലഭിച്ചിട്ടുണ്ട്.
സംസ്ഥാന കായികമേളയിലും കലോത്സവത്തിലും കിഴക്കൻ മേഖലയിൽനിന്ന് ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുക്കുന്ന സ്കൂളും ഇടുക്കി ജില്ലയിലെ മികച്ച എസ്പിസി യൂണിറ്റും കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂളായും സെന്റ് ആന്റണീസ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.