നഗരസഭ കുമാരനല്ലൂർ മേഖലാ ഓഫീസിൽ കോൺക്രീറ്റ് പാളി അടർന്നു വീണു
1563305
Thursday, May 29, 2025 7:06 AM IST
ഗാന്ധിനഗർ: കുമാരനല്ലൂരിൽ നഗരസഭാ മേഖലാ ഓഫീസ് കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി അടർന്നു വീണ് സൂപ്രണ്ടിനു പരിക്കേറ്റു. അപകടത്തിൽ സൂപ്രണ്ട് ശ്രീകുമാറിന്റെ തലയ്ക്കു പരിക്കേറ്റു.
കുമാരനല്ലൂർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കോട്ടയം നഗരസഭയുടെ സോണൽ ഓഫീസിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. സൂപ്രണ്ടിന്റെ കാബിനിലെ ഇരിപ്പിടത്തിനു മുകളിൽനിന്ന് കോൺക്രീറ്റ് പാളി അടർന്നു വീഴുകയായിരുന്നു. ഓഫീസിനുള്ളിൽ ജോലി ചെയ്യുന്നതിനിടെയാണ് പാളി അടർന്ന് ഇദ്ദേഹത്തിന്റെ തലയിൽ വീണത്.
ഓഫീസിനുള്ളിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾക്കു കേടുപാടുകൾ സംഭവിച്ചു. രണ്ടു വർഷങ്ങൾക്കു മുമ്പ് ഇതോടനുബന്ധിച്ചുള്ള കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞു വീണ് ഇവിടെ വാടകയ്ക്കു പ്രവർത്തിച്ചുകൊണ്ടിരുന്ന സ്ഥാപനത്തിന്റെ ഉടമയ്ക്കു പരിക്കേറ്റിരുന്നു. നഗരസഭാ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്താത്തതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും ഉയർന്നിരുന്നു.
15 വാർഡുകളാണ് കുമാരനല്ലൂർ മേഖലാ ഓഫീസിനു കീഴിലുള്ളത്. ഓരോ ആവശ്യത്തിനായി നിരവധി ആളുകളാണ് ദിവസവും ഇവിടെ വന്നു പോകുന്നത്ത്. ഉദ്യോഗസ്ഥരുടെ മാത്രമല്ല സാധാരണ ജനങ്ങളുടെ ജീവനുപോലും സുരക്ഷയൊരുക്കാൻ നഗരസഭയ്ക്കു കഴിയുന്നില്ലെന്നാണ് ജനസംസാരം.