ഉദയനാപുരത്ത് 500 വീടുകൾ വെള്ളത്തിൽ
1563314
Thursday, May 29, 2025 7:21 AM IST
ഉദയനാപുരം: ഉദയനാപുരം പഞ്ചായത്തിലെ എട്ട്, ഒൻപത്, 10വാർഡുകളിലടക്കം 500വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ. മഴ തുടരുകയും കിഴക്കൻ വെള്ളത്തിന്റെ വരവു ശക്തിപ്പെടുകയും ചെയ്യുന്നതിനാൽ വീടുകൾക്കുള്ളിൽ വെള്ളം കയറുമെന്ന നിലയിലാണ്.
പഞ്ചായത്ത് റവന്യു അധികൃതർ വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങളിൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കൂടുതൽ വെള്ളം കയറിയ വീടുകളിലെ താമസക്കാരെ മാറ്റിപ്പാർപ്പിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. വളർത്തുമൃഗങ്ങളും കോഴി, താറാവ് തുടങ്ങിയവയെ വിട്ടുപോകാൻ കഴിയാത്തതുമൂലം വീട്ടുകാർ വീടുകളിൽ തന്നെ തങ്ങാൻ നിർബന്ധിതരാകുകയാണ്.
ഉദയനാപുരത്തിന്റെ വിവിധഭാഗങ്ങളിൽ കാറ്റിൽ മരങ്ങൾ വീണ് 70 വീടുകൾക്ക് കേടുപാട് സംഭവിച്ചിരുന്നു. ഉദയനാപുരത്തെ വെള്ളപ്പൊക്ക ദുരിതബാധിതർക്കായി വല്ലകം സെന്റ് മേരീസ് സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറക്കാൻ പഞ്ചായത്ത് അധികൃതർ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
നാനാടം ആതുരാശ്രമം സ്കൂൾ, ഉദയനാപുരം ഗവൺമെന്റ് യുപിഎസ് എന്നിവിടങ്ങളിലും ആവശ്യം വന്നാൽ ദുരിതാശ്വാസക്യാമ്പ് തുറക്കും.