വിശ്വാസജീവിത പരിശീലനദിനാഘോഷം
1563396
Thursday, May 29, 2025 10:44 PM IST
കാഞ്ഞിരപ്പള്ളി: രൂപത വിശ്വാസജീവിതപരിശീലനകേന്ദ്രത്തിന്റെയും ചെറുപുഷ്പ മിഷൻ ലീഗിന്റെയും വാർഷികാഘോഷവും അവാർഡ് ദാനവും നാളെ രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്ററിൽ നടക്കും.
രാവിലെ 10ന് ഫാ. വർഗീസ് കൊച്ചുപറമ്പിൽ വിശ്വാസജീവിതപരിശീലനം: നിത്യജീവനിലുള്ള പ്രത്യാശ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിക്കും. തുടർന്ന് നടക്കുന്ന വാർഷിക സമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും. രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ. ജോസഫ് വെള്ളമറ്റം അധ്യക്ഷത വഹിക്കും. രൂപത സിഞ്ചെല്ലൂസ് ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ പ്രസംഗിക്കും.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച സൺഡേ സ്കൂളുകളെയും കുട്ടികളെയും ആദരിക്കും. മതാധ്യാപനരംഗത്ത് 50 വർഷങ്ങൾ പൂർത്തിയാക്കിയ നാല് അധ്യാപകർക്കും 25 വർഷങ്ങൾ പൂർത്തിയാക്കിയ 29 അധ്യാപകർക്കും പുരസ്കാരങ്ങൾ നൽകും. കഴിഞ്ഞ 12 വർഷവും മുടക്കം വരുത്താതെ എല്ലാ ഞായറാഴ്ചകളിലും വിശ്വാസജീവിത പരിശീലനത്തിൽ പങ്കെടുത്ത 25 കുട്ടികൾക്ക് പ്രത്യേക പുരസ്കാരങ്ങൾ നൽകി ആദരിക്കും.
തുടർന്ന് പ്രധാനാധ്യാപകർ, സ്റ്റാഫ് സെക്രട്ടറിമാർ, ഫൊറോന സെക്രട്ടറിമാർ എന്നിവരുടെ സമ്മേളനം കാഞ്ഞിരപ്പള്ളി രൂപത വിശ്വാസജീവിത പരിശീലനകേന്ദ്ര ഡയറക്ടർ ഫാ. തോമസ് വാളന്മനാൽ നയിക്കും. സമ്മേളനത്തിൽ അടുത്ത അധ്യയനവർഷത്തെ കർമപദ്ധതികളുടെ വിശദീകരണവും ചർച്ചകളും നടക്കും.