കാരുണ്യസ്പർശം പൂഞ്ഞാർ പദ്ധതി ഉദ്ഘാടനം
1563404
Thursday, May 29, 2025 11:50 PM IST
കാഞ്ഞിരപ്പള്ളി: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന സേവന-സന്നദ്ധ സംഘടനയായ എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന കാരുണ്യ സ്പർശം പൂഞ്ഞാർ പദ്ധതിയുടെ ഉദ്ഘാടനം കേരള കോൺഗ്രസ് - എം ചെയർമാൻ ജോസ് കെ. മാണി എംപി നാളെ രാവിലെ 11ന് വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളി പാരിഷ് ഹാളിൽ നിർവഹിക്കും. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ നിർധനരായ 100 കിടപ്പ് രോഗികൾക്ക് പ്രതിമാസം ആയിരം രൂപ പ്രകാരം ഒരു വർഷത്തേക്ക് ധനസഹായം നൽകുന്നതാണ് പദ്ധതി.
എംഎൽഎ സർവീസ് ആർമി മുഖ്യരക്ഷാധികാരി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ മുഖ്യപ്രഭാഷണം നടത്തും. വെളിച്ചിയാനി സെന്റ് തോമസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പാലമൂട്ടിൽ, ഇടച്ചോറ്റി ആശ്രമം രക്ഷാധികാരി സരസ്വതി തീർഥപാദസ്വാമികൾ, പാറത്തോട് മുഹിയുദീൻ ജമാഅത്ത് ചീഫ് ഇമാം ജനാബ് അനസ് അൽ ഖാസിമി എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തും.
എംഎൽഎ സർവീസ് ഭാരവാഹികളായ ബിനോ ജോൺ ചാലക്കുഴി, ജോസ് കൊച്ചുപുര, പി.എം. സെബാസ്റ്റ്യൻ പുല്ലാട്ട്, പി.പി.എം. നൗഷാദ്, ജാൻസ് വയലിക്കുന്നേല്, അരുൺ ആലക്കപറമ്പിൽ, സാജൻ കുന്നത്ത്, ജോർജുകുട്ടി ആഗസ്തി, തോമസ് കട്ടയ്ക്കൽ, ജോണിക്കുട്ടി മഠത്തിനകം, ഡയസ് കോക്കാട്ട്, സോഫി ജോസഫ്, കെ.പി. സുശീലൻ, ജിൻസ് ഈഴക്കുന്നേൽ, തോമസ് ചെമ്മരപ്പള്ളിൽ തുടങ്ങിയവർ പ്രസംഗിക്കും.
മുന്പ് 100 കിടപ്പ് രോഗികൾക്ക് പ്രതിമാസം ആയിരം രൂപ പ്രകാരം ഒരു വർഷം ഇത്തരത്തിൽ ധനസഹായം നൽകിയിരുന്നു. അത് പൂർത്തീകരിച്ചതിനുശേഷം ഇപ്പോൾ രണ്ടാംഘട്ടം എന്ന നിലയിൽ വീണ്ടും 100 രോഗികൾക്കായി പദ്ധതി പുനരാരംഭിക്കുകയാണെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു.
ഇതോടൊപ്പം പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പത്തു പഞ്ചായത്തുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 10 സ്കൂളുകളിൽനിന്നുമുള്ള 100 നിർധന വിദ്യാർഥികൾക്ക് സൗജന്യമായി നൽകുന്ന പഠനോപകരണങ്ങളുടെ വിതരണം, 25 നിർധന വൃക്ക രോഗികൾക്ക് നൽകുന്ന സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം എന്നിവയുടെ സംയുക്ത ഉദ്ഘാടനവും ജോസ് കെ. മാണി എംപി നിർവഹിക്കും.