ഏറ്റുമാനൂരിൽ വികസന പദ്ധതികൾക്ക് കിഫ്ബി അനുമതി
1563610
Friday, May 30, 2025 7:00 AM IST
ഏറ്റുമാനൂര്‍: ഏറ്റുമാനൂർ അസംബ്ലി മണ്ഡലത്തിലെ വിവിധ വികസന പദ്ധതികള്‍ക്ക് കിഫ്ബി ബോർഡിന്റെ അനുമതി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് മഹാത്മാഗാന്ധി സര്‍വകലാശാലയിലെ 122.59 കോടി രൂപയുടേതടക്കമുള്ള വികസന പദ്ധതികള്‍ക്ക് അനുമതി നല്‍കിയത്.
ഏറ്റുമാനൂര്‍ റിംഗ് റോഡിന്റെ ആദ്യഘട്ടം ടാറിംഗ് ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയും കോട്ടയം-ഇല്ലിക്കല്‍-കുമരകം റോഡ് വീതി കൂട്ടി ആധുനീകരിക്കുകയും ചെയ്യും.
മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ നാനോ ടെക്നോളജി ആന്‍ഡ് നാനോ സയന്‍സിൽ മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിന് 61.55 കോടി രൂപയും ആധുനിക ഗവേഷണ പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിന് 26.07 കോടി രൂപയും അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ഹോസ്റ്റലിനായി 34.97 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
ഈ പദ്ധതികളെല്ലാം ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.