കനത്തമഴ: ഏഴുനിലകുത്തിൽ കുടുങ്ങിയ സഞ്ചാരികളെ രക്ഷിച്ചു
1466422
Monday, November 4, 2024 4:16 AM IST
തൊടുപുഴ: കനത്ത മഴയിൽ വെള്ളം കുത്തിയൊലിച്ചെത്തിയതിനെത്തുടർന്ന് തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപം സഞ്ചാരികൾ കുടുങ്ങി.ഇവരെ പിന്നീട് വനംവകുപ്പും ടൂറിസ്റ്റ് ഗൈഡുകളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.
ഇന്നലെ വൈകുന്നേരം നാലരയോടെ തൊമ്മൻകുത്ത് ഏഴുനില കുത്തിന് സമീപമാണ് സംഭവം. അവധിദിനമായിരുന്നതിനാൽ വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ വലിയ തിരക്കുണ്ടായിരുന്നു.
അപകട സമയം നൂറിലധികം ആളുകൾ വെള്ളച്ചാട്ടത്തിന് സമീപമുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. വെള്ളച്ചാട്ടത്തിന് സമീപം മഴയില്ലായിരുന്നെങ്കിലും ഇവിടേക്കുള്ള വെള്ളം ഒഴുകിയെത്തുന്ന മലനിരകളായ വെണ്മണി, പാൽക്കുളംമേട്, മനയത്തടം എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു.
ഇവിടങ്ങളിൽനിന്നുള്ള മലവെള്ളം അപ്രതീക്ഷിതമായി കുത്തിയൊലിച്ച് വെള്ളച്ചാട്ടത്തിലേക്കെത്തി. ഈ സമയം വെള്ളച്ചാട്ടത്തിന് താഴെയുള്ള ചെറിയ തുരുത്തിൽ ഫോട്ടോ എടുക്കുന്നതിനും മറ്റുമായി നിരവധിസഞ്ചാരികളുണ്ടായിരുന്നു.
മലവെള്ളത്തിന്റെ ശക്തി കൂടി വരുന്നതിനിടെ ചിലർ വസ്ത്രങ്ങൾ കൂട്ടിക്കെട്ടി മറുകരയിൽ നിന്നവരുടെ സഹായത്തോടെ രക്ഷപ്പെട്ടു. എന്നാൽ അവിടെയുണ്ടായിരുന്ന യുവാവും യുവതിയും കുടുങ്ങിപ്പോയി. ഉടൻ തന്നെ വനം വകുപ്പുദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്ന ടൂറിസ്റ്റ് ഗൈഡുകളും സ്ഥലത്തെത്തി ഗോവണി ഉപയോഗിച്ച് സമീപത്തെ മരത്തിലൂടെ കയറി ഇരുവർക്കും സമീപമെത്തി.
തുടർന്ന് സാഹസികമായി ഇരുവരെയും മരത്തിലേക്ക് കയറ്റി ഗോവണി വഴി മറുകരയിൽ എത്തിക്കുകയായിരുന്നു. പ്രദേശത്ത് മഴ ഇല്ലെങ്കിലും ഇവിടേക്കുള്ള വെള്ളത്തിന്റെ സ്രോതസുകളായ മല നിരകളിൽ മഴ പെയ്താൽ വെള്ളച്ചാട്ടത്തിലേക്ക് അനിയന്ത്രിതമായ തോതിൽ വെള്ളം കുത്തിയൊലിച്ചെത്തുമെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
നീരൊഴുക്ക് വർധിച്ചപ്പോൾ തന്നെ തുരുത്തിലുണ്ടായിരുന്നവരിൽ ഭൂരിഭാഗം ആളുകളും ടൗണിലേക്ക് മടങ്ങിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ദിവസങ്ങൾക്കുമുന്പ് ആനയാടിക്കുത്തിലും മലവെള്ളപ്പാച്ചിലിനെ തുടർന്നു സഞ്ചാരികൾ മറുകരെ കുടുങ്ങിയിരുന്നു.ഇവരെ ഫയർഫോഴ്സെത്തിയാണ് രക്ഷിച്ചത്.
ഇന്നലെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്. പലയിടത്തും വെള്ളക്ക്ട്ടും രൂപപ്പെട്ടിരുന്നു.