കൊച്ചിയില്‍ സുസ്ഥിര അയല്‍ക്കൂട്ട ബയോ ഗ്യാസ് പദ്ധതിക്ക് തുടക്കം
1565276
Friday, June 6, 2025 5:16 AM IST
കൊച്ചി: കൊച്ചി കോര്‍പറേഷന്റെയും ഡോണ്‍ ബോസ്കോ സ്നേഹ ഭവന്, കെപിഎംജി എന്നീ സാമൂഹ്യ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സുസ്ഥിര അയല്‍ക്കൂട്ട ബയോഗ്യാസ് പദ്ധതിക്ക് തുടക്കമായി. പള്ളുരുത്തിയിലെ ഡോണ്‍ ബോസ്കോ സൈക്കോസോഷ്യല്‍ സപ്പോര്‍ട്ട് സെന്ററില്‍ നടന്ന ചടങ്ങില്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
ദിനംപ്രതി 700 കിലോഗ്രാം ജൈവമാലിന്യം ശേഖരിച്ച് ശുദ്ധമായ ബയോഗ്യാസ് ഉത്പാദിപ്പിക്കുകയും, ഉയര്‍ന്ന നിലവാരത്തിലുള്ള ജൈവവളങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്ന ഈ പദ്ധതി നഗരത്തിലെ 350 കുടുംബങ്ങള്‍ക്ക് നേരിട്ട് ഉപകാരപ്പെടുന്ന തരത്തിലായിരിക്കും.
മൈ വേസ്റ്റ്, മൈ റെസ്പോൺസിബിലിറ്റി എന്ന സന്ദേശത്തോടെ ബോധവത്കരണ പരിപാടികളും പദ്ധതി ഉള്‍ക്കൊള്ളുന്നു. ഓഡിറ്റിംഗ് ആന്‍ഡ് ഫിനാന്‍സ് മേഖലയിലെ പ്രമുഖരായ കെപിഎംജിയുടെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ കെപിഎംജി കമ്പനി ചീഫ് ഡയറക്ടര്‍ ഗൗതം സേത്ത് മുഖ്യപ്രഭാഷണം നടത്തി. സ്നേഹ ഭവന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പി.ഡി.തോമസ് അധ്യക്ഷത വഹിച്ചു.
കെ പി എം ജി ചീഫ് ഓഫീസര്‍ രുഗ്മണി ബോധവത്കരണ സന്ദേശം നല്കി. കോര്പറേഷന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ടി.കെ. അഷ്റഫ്, വാര്‍ഡ് കൗണ്‍സിലര്‍ വി.എ. ശ്രീജിത്ത്, ശ്രീകാന്ത്, ജിജു, ഫാ. സി.എം. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.