ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: കുട്ടന്പുഴ പഞ്ചായത്തിന് പുരസ്കാരം
1574040
Tuesday, July 8, 2025 7:10 AM IST
കോതമംഗലം: കോതമംഗലം ബ്ലോക്കിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിൽദിനം സൃഷ്ടിച്ച പഞ്ചായത്തിനുള്ള ബ്ലോക്ക് പഞ്ചായത്ത് അവാർഡ് കുട്ടന്പുഴ പഞ്ചായത്തിന് ലഭിച്ചു.
2024-25 സാന്പത്തിക വർഷത്തിൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 10 പഞ്ചായത്തുകളിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വിവിധ വിഭാഗങ്ങളിലായി തുക ചെലവഴിച്ചത് വിലയിരുത്തിയാണ് അവാർഡ് നൽകിയത്.
കഴിഞ്ഞ സാന്പത്തിക വർഷം 1,51,470 തൊഴിൽ ദിനങ്ങളാണ് കുട്ടന്പുഴ പഞ്ചായത്തിൽ നൽകിയത്. അതിൽ 796 കുടുംബങ്ങൾ എസ്ടി വിഭാഗത്തിലുണ്ട്. കൂടാതെ നൂറു തൊഴിൽ ദിനങ്ങൾ ലഭിച്ച 493 കുടുംബങ്ങൾ കുട്ടന്പുഴയിലാണ്.
75,18,000 രൂപയുടെ മെറ്റീരിയൽ വർക്ക് പഞ്ചായത്തിൽ പൂർത്തീകരിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ അവാർഡ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജോമി തെക്കേക്കര അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, കുട്ടന്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജെയിംസ് കോറന്പേൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നിസമോൾ ഇസ്മായിൽ, റ്റി.കെ. കുഞ്ഞുമോൻ, ആനിസ് ഫ്രാൻസിസ്, സാലി ഐപ്പ്, പഞ്ചായത്തംഗങ്ങളായ കെ.എ. സിബി, ഇ.സി. റോയി, എൽദോസ് ബേബി, ജോഷി പൊട്ടക്കൽ, ബിഡിഒ സി.ഒ. അമിത എന്നിവർ പ്രസംഗിച്ചു.