കിഴമ്പലത്ത് സ്വകാര്യ ബസ്സ്റ്റാൻഡിലെ പാർക്കിംഗ് തടഞ്ഞ് സിപിഎം
1574045
Tuesday, July 8, 2025 7:11 AM IST
കിഴക്കമ്പലം: കിഴമ്പലത്തെ സ്വകാര്യ ബസ് സ്റ്റാൻഡിലെ പാർക്കിംഗ് തടഞ്ഞ് സിപിഎം പ്രവർത്തകർ. ഇന്നലെ രാവിലെ മുതലാണ് സ്വകാര്യ ബസ് സ്റ്റാൻഡിൽ പാർക്കിംഗിന് എത്തുന്ന കാറുകളും ടൂ വീലറുകളും കിഴക്കമ്പലം സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ തടഞ്ഞത്. പിന്നീട് ഇതിലൂടെ പോകുന്ന സ്വകാര്യ ബസുകളിലെ ജീവനക്കാരോട് സ്റ്റാൻഡിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു.
ഇതന്നുസരിച്ച് പട്ടിമറ്റം, കോലഞ്ചേരി, മൂവാറ്റുപുഴ, കാക്കനാട് പുക്കാട്ടുപടി, എറണാകുളം, ആലുവ എന്നിവടങ്ങളിലേയ്ക്കു പോകുന്ന മുഴുവൻ ബസുകളും സ്റ്റാൻഡിൽ പ്രവേശിച്ചാണ് പോയത്. ഇതുവഴി വരുന്ന ദീർഘദൂര കെഎസ്ആർടിസി ബസുകളും സ്റ്റാൻഡിൽ പ്രവേശിച്ചാണ് പോയത്.
യാത്രക്കാരും സ്കൂൾ വിദ്യാർഥികളും സ്റ്റാൻഡിനകത്ത് പ്രവേശിച്ച് ഇരുവശത്തുള്ള കാത്തിരപ്പു കേന്ദ്രത്തിൽ നിന്നാണ് ബസുകളിൽ കയറിയത്.
കഴിഞ്ഞ ജൂൺ രണ്ടിന് അനധികൃത പാർക്കിംഗും ഗതാഗത പരിഷ്ക്കാരവും ആരോപിച്ച് ബസുകൾ സ്റ്റാൻഡിന്റെ പരിസരത്ത് നിർത്താതിരിക്കുകയായിരുന്നു. ഇത് ജനങ്ങളെ കഷ്ടത്തിലാക്കിയിരുന്നു. ബസ് സ്റ്റാൻഡ് പ്രവർത്തനം സുഗമമാക്കുനതിനായി മർച്ചന്റ്സ് അസോസിയേഷനും കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും സിപിഎം ലോക്കൽ കമ്മറ്റിയും സ്റ്റാൻഡിൽ ധർണ നടത്തിയിരുന്നു.