കെഎസ്ആര്‍ടിസിയുടെ ട്രാവല്‍ കാര്‍ഡിന് മികച്ച പ്രതികരണം
1574059
Tuesday, July 8, 2025 7:11 AM IST
കൊച്ചി: ബസിലെ 'ചില്ലറ തര്‍ക്കം' പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി അവതരിപ്പിച്ച ട്രാവല്‍ കാര്‍ഡിന് എറണാകുളത്ത് മികച്ച പ്രതികരണം. ആദ്യഘട്ടമെത്തിയ 1,000 കാര്‍ഡുകളും ഇതിനോടകം വിതരണം ചെയ്തു. ആവശ്യക്കാരേറിയതോടെ അടുത്തഘട്ടത്തില്‍ കൂടുതല്‍ കാര്‍ഡുകള്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.
റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍(ആര്‍എഫ്ഐഡി) സാങ്കേതികവിദ്യയില്‍ സുരക്ഷാ സംവിധാനങ്ങളോടെയാണ് ട്രാവല്‍ കാര്‍ഡ് ഒരുക്കിയിട്ടുള്ളത്. 100 രൂപയാണ് കാര്‍ഡ് നിരക്ക്. കണ്ടക്ടര്‍ തന്നെ കാര്‍ഡ് യാത്രക്കാര്‍ക്ക് ആക്ടിവേറ്റ് ചെയ്ത് നല്കുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നടപ്പിലാക്കിയ സംവിധാനം എറണാകുളം ജില്ലയിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
50 മുതല്‍ 3000 രൂപ വരെ
50 മുതല്‍ 3,000 രൂപയ്ക്ക് വരെ ട്രാവല്‍ കാര്‍ഡ് റീ ചാര്‍ജ് ചെയ്യാനാകും. നിശ്ചിതകാലത്തേക്ക് റീ ചാര്‍ജ് ചെയ്യാനും സൗകര്യമുണ്ട്. ഇവയ്ക്ക് ഓഫറുകളും കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്. കാര്‍ഡിലെ തുകയ്ക്ക് ഒരു വര്‍ഷം വരെയാണ് വാറന്റി. ഒരു വര്‍ഷത്തിലധികം കാര്‍ഡ് ഉപയോഗിക്കാതിരുന്നാല്‍ ഡീ ആക്ടിവേറ്റാകും. കാര്‍ഡ് കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ കൈമാറ്റം ചെയ്ത് ഉപയോഗിക്കുന്നതിനും നിലവില്‍ തടസമില്ല.
എല്ലാം മൊബൈല്‍ വഴി; അന്വേഷണങ്ങളും
ബസ് ടിക്കറ്റ് ബുക്കിംഗ് മുതല്‍, ബസിന്റെ സമയം, നിലവില്‍ എവിടെ എത്തി തുടങ്ങിയ കാര്യങ്ങളടക്കം ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അറിയാന്‍ സാഹചര്യമൊരുങ്ങിയതിന് പിന്നാലെ ഡിപ്പോകളിലെത്തിയുളള യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്കും ഇനി മൊബൈല്‍ നമ്പറിനെ ആശ്രയിക്കാം.
എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വൈകാതെ ഈ സേവനം ലഭ്യമാകും. മൊബൈല്‍ എത്തുന്നതോടെ അന്വേഷണങ്ങള്‍ക്കായി പ്രത്യേകം നിയോഗിക്കുന്ന ജീവനക്കാരനില്ലാതാകും. സ്റ്റേഷന് മാസ്റ്റര്‍ തന്നെയാകും ഇതും കൈകാര്യം ചെയ്യുക. അതിനിടെ, ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഡിപ്ലോയ്മെന്റ് അടക്കം നോക്കുന്ന സ്റ്റേഷന് മാസ്റ്റര്‍ അന്വേഷണങ്ങള്‍ക്കും മറുപടി നല്‍കുന്നതിനെക്കുറിച്ചും ആശങ്ക നിലനില്‍ക്കുന്നുണ്ട്.