നായരമ്പലത്തെ തീരസംരക്ഷണത്തിന് 10 ലക്ഷം കൂടി അനുവദിച്ചു
1574048
Tuesday, July 8, 2025 7:11 AM IST
കൊച്ചി: കടലാക്രമണം രൂക്ഷമായ നായരമ്പലത്ത് ജിയോ ബാഗ് ഉപയോഗിച്ച് താത്കാലിക സംരക്ഷണഭിത്തി നിർമിക്കാന്‍ നായരമ്പലം പഞ്ചായത്തിന് 10 ലക്ഷം രൂപകൂടി അനുവദിച്ചതായി കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ അറിയിച്ചു. നേരത്തെ 39.6 ലക്ഷം രൂപ അനുവദിച്ചിരുന്നു. താല്‍ക്കാലിക തീരസംരക്ഷണ ഭിത്തികള്‍ നിർമിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പില്‍ നിന്നു ലഭിച്ച എസ്റ്റിമേറ്റിനെ തുടര്‍ന്നാണ് ദുരന്ത നിവാരണ അഥോറിറ്റിയുടെ നടപടി.
നായരമ്പലം പുത്തന്‍ കടപ്പുറത്തെ സെന്റ് ആന്റണീസ് പള്ളിക്കു സമീപം 100 മീറ്റര്‍ ഭാഗത്ത് പുതിയ ജിയോ ബാഗ് ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിർമിക്കും. പള്ളിക്കു സമീപം മൂന്നുവര്‍ഷം മുമ്പ് സ്ഥാപിച്ച ജിയോ ബാഗ് സംരക്ഷണ ഭിത്തി കടലാക്രമണത്തില്‍ തകര്‍ന്നിരുന്നു. തുടര്‍ന്ന് സമീപത്തെ വീടുകളിലും വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി.
പള്ളിക്കു ചുറ്റും 89 മീറ്റര്‍ നീളത്തില്‍ സംരക്ഷണ ഭിത്തി നിർമിക്കുന്ന പ്രവൃത്തി തുടരുകയാണ്. എന്നാല്‍ കടലാക്രമണത്തിന്റെ രൂക്ഷത കണക്കിലെടുത്ത് ഇവിടെ അധികമായി വരുന്ന 100 മീറ്റര്‍ പ്രദേശത്തു കൂടി പുതിയ ജിയോ ബാഗ് പദ്ധതി നടപ്പാക്കുന്നതു ലക്ഷ്യമിട്ടാണ് 10 ലക്ഷം കൂടി അനുവദിച്ചിട്ടുള്ളത്.