കുന്ന്-കോട്ടപ്പുറം പാലത്തിന് ഭരണാനുമതി; ഭൂമി ഏറ്റെടുക്കാൻ നാലുകോടി
1574054
Tuesday, July 8, 2025 7:11 AM IST
ആലങ്ങാട്: കളമശേരി നിയമസഭാ മണ്ഡലത്തിലെ കുന്ന് - കോട്ടപ്പുറം പാലം നിർമാണത്തിനായി തത്വത്തിൽ ഭരണാനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഒന്നാം ഘട്ട ഭൂമി ഏറ്റെടുക്കുന്നതിനായി നാല് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കരുമാല്ലൂർ - കുന്നുകര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുന്ന്-കോട്ടപ്പുറം പാലം നിർമാണം ഈ വർഷം ആരംഭിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
345.15 മീറ്റർ നീളമുള്ള പാലത്തിന് ഇരു കരകളിലുമായി മൂന്ന് ലാൻഡ് സ്പാനുകൾ വേണ്ടിവരും. രണ്ടു വരി ഗതാഗത സൗകര്യമൊരുക്കി 7.50 മീറ്റർ വീതിയിലായിരിക്കും നിർമാണം. 1.50 മീറ്റർ നടപ്പാതയും ഇരുവശങ്ങളിലും ഉണ്ടാകും. ആകെ വീതി 11 മീറ്റർ. 39.20 കോടി രൂപയാണ് പാലത്തിന്റെ ചെലവ് കണക്കാക്കുന്നത്.
കുന്നുകര പഞ്ചായത്തിലെ വയൽകരയും കരുമാല്ലൂർ പഞ്ചായത്തിലെ മാമ്പ്രയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. നിലവിൽ വഞ്ചികളിലും മറ്റുമാണ് പുഴ കുറുകെ കടക്കുന്നത്. ഇരുകരകളിലുമായി മൂന്ന് മീറ്റർ വീതിയുള്ള പഞ്ചായത്ത് റോഡുകൾ ഉള്ളതിനാൽ സ്ഥലമേറ്റെടുക്കുന്നത് താരതമ്യേന എളുപ്പമായിരിക്കും.
9.86 ആർ സ്ഥലം കുന്നുകര ഭാഗത്തും 8.29 ആർ സ്ഥലം കോട്ടപ്പുറം ഭാഗത്തും അപ്രോച്ച് റോഡിനായി ഏറ്റെടുക്കണം. ഇരുവശത്തുമുള്ള പ്രധാന ജംഗ്ഷനുകളായ കുന്നുകരയ്ക്കും കോട്ടപ്പുറത്തിനുമിടയിൽ 2.6 കിലോമീറ്ററാണ് ദൂരം. മാളയിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രാദൂരം ഗണ്യമായി കുറയ്ക്കുമെന്ന് മാത്രമല്ല പ്രദേശത്തിന്റെ വികസനത്തിലും പാലം വലിയ പങ്കുവഹിക്കും.