ബിജെപി മാർച്ചിനിടെ കോതമംഗലത്ത് സംഘർഷം, ഒരാൾക്ക് പരിക്ക്
1574042
Tuesday, July 8, 2025 7:11 AM IST
കോതമംഗലം: ബിജെപി മാർച്ചിനിടയിൽ കോതമംഗലത്ത് സംഘർഷം. ഒരാൾക്ക് പരിക്ക്. ആരോഗ്യ മേഖലയിലെ അഴിമതി അവസാനിപ്പിക്കുക, ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ബിജെപി ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കോതമംഗലം താലൂക്ക് ആശുപത്രി മാർച്ചിനിടെയായിരുന്നു സംഘർഷം. ആശുപത്രി കവാടത്തിൽ സമരക്കാരെ പോലിസ് തടഞ്ഞതോടെയാണ് സംഘർഷാവസ്ഥയുണ്ടായത്.
പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പോലിസ് വലയം ഭേദിച്ച് ആശുപത്രി കോന്പൗണ്ടിൽ പ്രവേശിച്ച പ്രവർത്തകയെ പിടിച്ച് പുറത്തെത്തിക്കുകയായിരുന്നു. പോലിസുമായുള്ള പിടിവലിക്കിടെ കോട്ടപ്പടിയിൽ നിന്നുളള റീനാ ലാജുവിന്റെ കൈക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷാവസ്ഥ ഒഴിഞ്ഞതിനേ തുടർന്ന് നടത്തിയ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് ജെ. പ്രമീളാദേവി ഉദ്ഘാടനം ചെയ്തു.
ആരോഗ്യമേഖലയിലെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് ഇപ്പോൾ വിവിധ സംഭവങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് അവർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.പി. സജീവ് അധ്യക്ഷത വഹിച്ചു. എം.എൻ. മധു, സൂരജ് ജോണ്‍, അരുണ്‍ പി. മോഹൻ, കെ. ചന്ദ്രൻ, വിനുകുമാർ, അരുണ്‍ മാമലശേരി, ജില്ലാ ജനറൽ സെക്രട്ടറി ഇ.റ്റി. നടരാജൻ, ഉണ്ണികൃഷ്ണൻ മാങ്ങോട് എന്നിവർ പ്രസംഗിച്ചു.