‘മഞ്ഞുമ്മല്‍ ബോയ്സ്' സാമ്പത്തിക തട്ടിപ്പ്: നടൻ സൗബിന് ഷാഹിറിനെ ചോദ്യം ചെയ്തു
1574065
Tuesday, July 8, 2025 7:11 AM IST
മരട്: ‘മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന് സൗബിന് ഷാഹിറിനെ പോലീസ് ചോദ്യം ചെയ്തു. ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെടുത്തെ അരൂര്‍ സ്വദേശിയുടെ പരാതിയിലാണ് മരട് പോലീസ് സൗബിനെയും സഹ നിർമാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരെയും ചോദ്യം ചെയ്തത്.
ഇന്നലെ രാവിലെ 11.30 ഓടെ അഭിഭാഷകനൊപ്പമാണ് ഇവര്‍ സ്റ്റേഷനില്‍ ഹാജരായത്. ചോദ്യം ചെയ്യല്‍ രണ്ടു മണിക്കൂറോളം നീണ്ടു. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പോലീസിനോട് കൃത്യമായി പറഞ്ഞിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം സൗബിന് ഷാഹിര്‍ പ്രതികരിച്ചു.
സിനിമയുടെ നിർമാണത്തിനായി ചെലവാക്കിയ തുകയുടെ ഉറവിടത്തെക്കുറിച്ചും ചിത്രത്തിന്റെ കളക്ഷന്‍ തുകയെക്കുറിച്ചുമുള്ള വിവരങ്ങള്‍ പോലീസ് ഇവരില്‍നിന്നു ശേഖരിച്ചു. സാമ്പത്തിക തട്ടിപ്പെന്ന പരാതിയില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പോലീസ് മുമ്പ് രണ്ടുതവണ നോട്ടീസ് നല്‍കിയെങ്കിലും മുന്‍കൂര്‍ ജാമ്യം തേടി സൗബിനും സഹ നിര്‍മാതാക്കളും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ച കോടതി ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുകയായിരുന്നു. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് പോലീസ് സ്റ്റേഷനില്‍ മൂന്നുപേരും ഹാജരായത്.
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ ലാഭത്തിന്റെ 40 ശതമാനം നല്‍കാമെന്ന് പറഞ്ഞ് ഏഴ് കോടി രൂപ കൈപ്പറ്റിയതിനു ശേഷം കബളിപ്പിച്ചെന്ന് കാട്ടി അരൂര്‍ വലിയവീട്ടില്‍ സിറാജാണ് മരട് പോലീസില്‍ പരാതി നല്‍കിയത്.
മുടക്കിയ ഏഴു കോടി രൂപയോ ലാഭവിഹിതമോ തിരിച്ചുനല്‍കിയില്ലെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇതില്‍ അന്വേഷണത്തിന് എറണാകുളം മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് നിര്‍മാതാക്കള്‍ക്കെതിരെ ചുമത്തിയത്.
2022 നവംബര്‍ 30ന് 5.99 കോടി രൂപ പറവ ഫിലിംസിന്റെ കടവന്ത്രയിലെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. പിന്നീട് 50 ലക്ഷം രൂപ ഷോണ്‍ ആന്റണിയുടെ കടവന്ത്രയിലെ ബാങ്ക് അക്കൗണ്ടിലും നല്കി.
ഇതിനൊപ്പം 51 ലക്ഷം രൂപ പലപ്പോഴായി പണമായി കൈപ്പറ്റിയെന്നും സിറാജ് മൊഴി നല്‍കിയിരുന്നു. കരാര്‍ പ്രകാരം പരാതിക്കാരനു 40 കോടി രൂപയുടെ അര്‍ഹതയുണ്ടെന്നും അതു നല്‍കിയില്ലെന്നും എഫ്ഐആറില്‍ വ്യക്തമാക്കിയിരുന്നു.