ദേശീയ പണിമുടക്കില്‍ തൊഴില്‍ മേഖലയും
1574058
Tuesday, July 8, 2025 7:11 AM IST
കൊച്ചി: നാളെ നടക്കുന്ന ദേശീയ പണിമുടക്കില്‍ ജില്ലയിലെ തൊഴില്‍ മേഖലയിലുള്ളവരും പങ്കെടുക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന് നേതാക്കള്‍ പറഞ്ഞു. ഇന്നു രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെയാണ് 24 മണിക്കൂർ പണിമുടക്ക്.
കൊച്ചി തുറമുഖ തൊഴിലാളികള്‍, കൊച്ചി വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് തൊഴിലാളികള്‍, നേവല്‍ബേസിലെ കരാര്‍ തൊഴിലാളികള്‍, വല്ലാര്‍പാടം ടെര്‍മിനലിലെ ലോറി-ട്രക്ക് തൊഴിലാളികള്‍, ബോട്ട് സര്‍വീസ് തൊഴിലാളികള്‍, വന്‍കിട വ്യവസായ ശാലകളായ എഫ്എസിടി, എച്ച്എംടി, സെസ്, കിന്‍ഫ്രപാര്‍ക്ക്, ഐആര്‍ഇ, ടിസിസി, അപ്പോളോ, ഹിന്‍ഡാല്‍കോ, കൊച്ചി റിഫൈനറി, എച്ച്ഒസി, ടെല്‍ക്, കെല് തുടങ്ങിയ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍, വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിലെയും, കയറ്റിറക്ക്, നിര്‍മാണം, മത്സ്യം, ഷോപ്പ്, ടാങ്കര്‍ലോറി, ലൈറ്റ് മോട്ടോര്‍, ബസ് മേഖലയിലെ തൊഴിലാളികള്‍ എന്നിവര്‍ പണിമുടക്കിന്റെ ഭാഗമാകുമെന്നും സംയുക്ത ട്രേഡ് യൂണിയന് നേതാക്കള്‍ പറഞ്ഞു.
രാവിലെ എട്ട് മുതല്‍ മണ്ഡലം കേന്ദ്രങ്ങളിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തും. കുടിവെള്ളവിതരണം, പാല്, പത്രവിതരണം, ആശുപത്രി എന്നീ മേഖലകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.