കാലടി സര്‍വകലാശാലയില്‍ നിയന്ത്രണങ്ങള്‍ ഇന്നുമുതൽ
1574062
Tuesday, July 8, 2025 7:11 AM IST
കാലടി: കാലടി സംസ്കൃത സര്‍വകലാശാല കാമ്പസില്‍ പുതുതായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചെറിയ മാറ്റങ്ങളോടെ ഇന്നു മുതല്‍ നടപ്പാക്കാന്‍ തീരുമാനം.
നിര്‍ദിഷ്ട സര്‍ക്കുലറിലെ 12 നിയന്ത്രണങ്ങളില്‍ മൂന്ന് ചെറിയ മാറ്റങ്ങള്‍ മാത്രമാണ് സര്‍വകലാശാല അനുവദിച്ചിരിക്കുന്നതെന്ന് സിന്‍ഡിക്കേറ്റ് യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സിന്‍ഡിക്കേറ്റ് അംഗം അഡ്വ. കെ.എസ്. അരുണ്‍കുമാര്‍ പറഞ്ഞു.
തിയറ്റര്‍, ഡാന്‍സ്, ഫൈന്‍ ആര്‍ട്സ്, ജ്യോഗ്രഫി ഡിപ്പാര്‍ട്ടുമെന്റുകളില്‍ വിദ്യാര്‍ഥികള്‍ക്ക് വകുപ്പ് തലവന്റെ ഉത്തരവാദിത്വത്തില്‍ വൈകുന്നേരം അഞ്ചിന് ശേഷം ക്ലാസ് മുറികള്‍ ഉപയോഗിക്കാം. അതത് വകുപ്പുകളിലെ ഏതെങ്കിലും അധ്യാപകന്റെ സാന്നിധ്യം ഈ സമയം ഉണ്ടാകണം. ബിരുദ വിദ്യാര്‍ഥികള്‍ രാത്രി 7.30 നും പിജി വിദ്യാര്‍ഥികള്‍ 9.30 നും ഗവേഷണ വിദ്യാര്‍ഥികള്‍ 11നും ഹോസ്റ്റലില്‍ പ്രവേശിക്കണം.
ലൈബ്രറിയോടനുബന്ധിച്ചുളള റീഡിംഗ് റൂം രാത്രി 11ന് അടയ്ക്കും. പകരം ഹോസ്റ്റലുകളില്‍ റീഡിംഗ് റൂമുകള്‍ ആരംഭിക്കും. സര്‍വകലാശാല സെന്‍ട്രല്‍ ലൈബ്രറിയുടെ പ്രവര്‍ത്തനത്തില്‍ മാറ്റം ഉണ്ടാകില്ല. രാത്രി 7.30 ന് ശേഷം ഇളവുകള്‍ ഉള്ളവരെ ഐഡന്റിറ്റി കാര്‍ഡും വകുപ്പ് മേധാവിയുടെ രേഖകള്‍ക്കും അനുമതികള്‍ക്കും വിധേയമായി കാമ്പസിന് പുറത്തുപോകാന്‍ അനുവദിക്കും. രാത്രി 11ന് സര്‍വകലാശാല ഗേറ്റ് പൂര്‍ണമായും അടച്ചശേഷം ആരെയും പ്രവേശിപ്പിക്കുകയോ പുറത്തേക്ക് വിടുകയോ ചെയ്യില്ല.
പഠനം പൂര്‍ത്തീകരിച്ചിട്ടും വര്‍ഷങ്ങളായി കാമ്പസിലെ ഹോസ്റ്റലുകളില്‍ തുടരുന്ന വിദ്യാര്‍ഥികളോടെ ഏഴ് ദിവസത്തിനകം ഹോസ്റ്റല്‍ ഒഴിഞ്ഞ് പോകാന്‍ നിര്‍ദേശം നല്കി. ഹോസ്റ്റലുകളുടെ സുരക്ഷിതത്വവും അച്ചടക്കവും നിരീക്ഷിക്കുന്നതിന് ഹോസ്റ്റല്‍ മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിച്ചു.
വിദ്യാര്‍ഥികളുടെ കാമ്പസിലെ സുരക്ഷയും അച്ചടക്കവും നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി സിന്‍ഡിക്കേറ്റ് അംഗം ഡോ. എം. സത്യന് കണ്‍വീനറായി അച്ചടക്കസമിതിയും രൂപീകരിച്ചു. പഠനത്തിനൊപ്പം പാര്‍ട്ട് ടൈമായി ജോലി ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് സ്ഥാപന ഉടമയുടെയും വകുപ്പ് തലവന്റെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഹോസ്റ്റല്‍ പ്രവേശനത്തില്‍ ഇളവ് അനുവദിക്കും.
സര്‍വലാശാലയുടെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി 12 അധ്യാപകര്‍ പരസ്യ പ്രസ്താവന നടത്തിയതില്‍ സിന്‍ഡിക്കേറ്റ് യോഗം അതൃപ്തിയും ആശങ്കയും രേഖപ്പെടുത്തി.
വൈസ് ചാന്‍സലര്‍ പ്രഫ. കെ.കെ. ഗീതാകുമാരി, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ആര്. അജയന്, ഡോ.ബി. അശോക്, ഡോ. ടി.മാത്യൂസ്, ഡോ.ടി. മിനി, ഡോ.എം. സത്യന്, ഡോ. പി.വി. ഓമന, ഡോ.വി. ലിസി മാത്യു, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.