‘മണപ്പുറത്തും നടപ്പാലത്തിലും മയക്കുമരുന്ന് സംഘങ്ങൾ തമ്പടിക്കുന്നു’
1574044
Tuesday, July 8, 2025 7:11 AM IST
ആലുവ: പെരിയാറിന് കുറുകെ ആലുവ മണപ്പുറത്തെ ക്ഷേത്രത്തിലേക്ക് പോകാനായി ഉപയോഗിക്കുന്ന നടപ്പാലത്തിലും നടപ്പാലത്തിനടിയിലും മയക്കുമരുന്ന് ഉപയോഗിക്കുന്നവർ തമ്പടിക്കുന്നതായി പരാതി.
രാവും പകലും സംഘമായെത്തി കുളിയും മയക്കുമരുന്നടിച്ച് മണപ്പുറത്ത് റോന്ത് ചുറ്റലും നടത്തുന്നതായാണ് ഭക്തജനങ്ങളുടെ ആക്ഷേപം.മണപ്പുറം ശിവക്ഷേത്രത്തിന് സമീപമാണ് പട്ടാപകൽ എത്തി കൂട്ടമായി മയക്കുമരുന്ന് ഉപയോഗിക്കുന്നത്.
അക്രമാസക്തരാകുമെന്ന ഭയത്താൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഭക്തജനങ്ങൾ പ്രതികരിക്കാതെ പോകുന്നത് മയക്കുമരുന്നു സംഘങ്ങൾക്ക് ധൈര്യം നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം നടപ്പാലത്തിനടിയിൽ മയക്കുമരുന്നു ലഹരിയിൽ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി ഒരാളെ പുഴയിലേക്ക് തള്ളിയിട്ടു.
നാട്ടുകാർ എത്തിയാണ് യുവാവിനെ പുഴയിൽനിന്ന് രക്ഷിച്ചത്. പോലീസ് ഇടയ്ക്കിടെ റോന്ത്ചുറ്റുമെങ്കിലും മയകുമരുന്ന് മാഫിയയെ തളയ്ക്കാനാകുന്നില്ലെന്നാണ് ഭക്തജനങ്ങൾ പറയുന്നത്.