കേരള ചിക്കൻ ജില്ലാതല ഉദ്ഘാടനം നാളെ
1245006
Friday, December 2, 2022 12:25 AM IST
പാലക്കാട്: ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ കേരളാ ചിക്കൻ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10 ന് തൃത്താല മേഴത്തൂർ റീജൻസി ഓഡിറ്റോറിയത്തിൽ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി. റജീന അധ്യക്ഷയാവുന്ന പരിപാടിയിൽ ജില്ലാ കളക്ടർ മൃണ്മയി ജോഷി വിശിഷ്ടാതിഥിയാവും.
മൃഗസംരക്ഷണം, കുടുംബശ്രീ പ്രോഗ്രാം ഓഫീസറും കുടുബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി സിഇഒയുമായ ഡോ. എ. സജീവ് കുമാർ പദ്ധതി അവതരണം നടത്തും.
സംസ്ഥാനത്ത് വർധിച്ചുവരുന്ന കോഴിയിറച്ചിയുടെ ആവശ്യകത പരിഗണിച്ച് ഗുണമേന്മയേറിയ കോഴിയിറച്ചി മിതമായ നിരക്കിൽ സംസ്ഥാനത്ത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കുടുംബശ്രീ അംഗങ്ങളായ കോഴി കർഷകർക്ക് സ്ഥിര വരുമാനം ഉറപ്പാക്കുന്നതിനും കേരളത്തിലെ ആഭ്യന്തര വിപണിയുടെ അന്പത് ശതമാനം ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്ത് തന്നെ ഉത്പാദിപ്പിച്ച് വിപണനം ചെയ്യുന്നതിനുമുള്ള സർക്കാർ പദ്ധതിയാണ് കേരള ചിക്കൻ.
പദ്ധതിയുടെ നടത്തിപ്പിനായി ഉത്പാദനം മുതൽ വിപണനം വരെയുള്ള എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് 2019 മാർച്ചിൽ കുടുംബശ്രീ ബാർ ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി ലിമിറ്റഡ് എന്ന പേരിലാണ് പ്രൊഡ്യൂസർ കന്പനി കുടുംബശ്രീ രൂപീകരിച്ചത്.
നിലവിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.