ഞാങ്ങാട്ടിരി ബസ് കാത്തിരിപ്പുകേന്ദ്രം അർജന്റീനയുടെ ഫാനായി..!
1247193
Friday, December 9, 2022 12:58 AM IST
ഷൊർണൂർ: ഉപയോഗ രഹിതമായി കിടന്നിരുന്ന ഞാങ്ങാട്ടിരി ബസ് സ്റ്റോപ്പ് അർജന്റീനയുടെ ജേഴ്സി അണിഞ്ഞു. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് വൃത്തിഹീനമായി കിടന്നിരുന്ന ബസ് സ്റ്റോപ്പാണ് അർജന്റീനയുടെ ഫാൻ ആയത്. ലോകകപ്പിന്റെ കാഴ്ചവട്ടങ്ങൾ നിറയുന്ന പാതയോരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി അർജിന്റീന ആരാധകൻമാർ ഞാങ്ങാട്ടിരിയിലെ ബസ് കാത്തിരിപ്പുകേന്ദ്രം തന്നെ വേറിട്ട കാഴ്ച്ചവട്ടമാക്കിയിരിക്കുകയാണ്.
ഞാങ്ങാട്ടിരി മേക്കാടൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിലെ അർജന്റീന ഫാൻസ് അംഗങ്ങളെല്ലാം ചേർന്നാണ് പട്ടാന്പി-കൂറ്റനാട് പാതയോരത്തുള്ള ഞാങ്ങാട്ടിരി ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കുകയും അർജന്റീനയുടെ ജഴ്സിയുടെ നിറങ്ങൾ ചാലിച്ച് നവീകരിക്കുകയും ചെയ്തത്. നൂറുകണക്കിന് യാത്രക്കാരും വിദ്യാർഥികളും ഉപയോഗിക്കുന്ന കാത്തിരിപ്പ് കേന്ദ്രം നേരത്തെ വൃത്തിഹീനമായിരുന്നു. എന്നാൽ കളി ആരാധകരുടെ സേവന സന്നദ്ധതയിൽ പുതുമോടി കൈവരിച്ചിരിക്കുകയാണ് ഇപ്പോൾ ബസ് സ്റ്റോപ്പ് അർജന്റീന പതാകയുടെ നിറവും ഇഷ്ട താരങ്ങളുടെ ചിത്രങ്ങളും വരച്ചു കൊണ്ടാണ് ഷെഡ് മനോഹരമാക്കിയത്.