ഒലവക്കോട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ മരത്തടികളും പൊന്തക്കാടും
1262651
Saturday, January 28, 2023 1:10 AM IST
മലന്പുഴ: മുറിച്ചിട്ട മരങ്ങൾ മാറ്റാത്തതു മൂലം ഒലവക്കോട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ മരത്തടികളും പൊന്തക്കാടും നിറഞ്ഞുനിൽക്കുന്നതായി പരാതി. മരം മുറിച്ചപ്പോൾ മതിൽ പൊളിയുകയും മതിലിന്റെ തൂണുകൾ നടപ്പാതയിലേക്ക് ഏതു നിമിഷവും പൊളിഞ്ഞു വീഴാറായി നിൽക്കുന്നത് കാൽനട യാത്രക്കാർക്ക് അപകട ഭീതി വരുത്തുന്നതായും പറയുന്നു.
ആറുമാസത്തോളമായി മരത്തടികൾ ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട്. മരത്തടികൾക്കിടയിൽ വളർന്നു നിൽക്കുന്ന പൊന്തകാട്ടിൽ നിന്ന് ഇഴജന്തുക്കളും ക്ഷുദ്ര ജീവികളും പുറത്തിറങ്ങി നടക്കുന്നതായി പരാതിയുണ്ട്. എത്രയും വേഗം ഈ പരിസരം വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെയും വിവിധ ആവശ്യങ്ങൾക്കായി ഹെഡ് പോസ്റ്റ് ഓഫീസിലെത്തുന്നവരുടെയും ആവശ്യം. എന്നാൽ ഒരു മരം കൂടി മുറിക്കാൻ ഉണ്ടെന്നും അതു മുറിച്ചു കഴിഞ്ഞാൽ എല്ലാം ചേർത്ത് കൊണ്ടു പോകുമെന്നും പ്രതീക്ഷിക്കുന്നതായി പോസ്റ്റ് ഓഫീസ് അധികൃതർ അറിയിച്ചു. എപ്പോൾ മരം മുറിച്ചു കൊണ്ടുപോകും എന്നത് അനിശ്ചിതത്വത്തിലാണ്.
മരം മുറിച്ച് കൊണ്ടുപോകുന്നതുവരെ ഈ മരത്തടികളും പൊന്തക്കാടും ഇടപാടുകാർക്ക് ശല്യമാകും എന്നതാണ് ജനങ്ങളുടെ ആക്ഷേപം.