മൾട്ടി ആക്സിൽ വാഹനങ്ങൾ നിരോധിക്കണം: പ്രദേശവാസികൾ
1263284
Monday, January 30, 2023 12:47 AM IST
കൊല്ലങ്കോട്: തമിഴ്നാട്ടിൽ നിന്നും 50 ടണ്ണും അതിൽ കൂടുതലും മെറ്റൽ കയറ്റി വരുന്ന മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തണമെന്ന ജനാവശ്യം ശക്തമാകുന്നു. മുതലമട, കൊല്ലങ്കോട് എലവഞ്ചേരി പഞ്ചായത്ത് പ്രദേശങ്ങളിൽ ഇത്തരം വാഹനങ്ങൾ സഞ്ചരിക്കുന്നതിനാൽ പാലങ്ങളും, റോഡുകളും അനുദിനം തകരുന്നുവെന്നാണ് പ്രദേശവാസികളുടെ പരാതി.
ഗോവിന്ദാപുരം, ചുള്ളിയാർമേട് , കുന്പളക്കോട് എന്നിവിടങ്ങളിലെ പാലങ്ങൾ തകർച്ചാഭീഷണി നേരിടുകയാണ്. ഉൗട്ടറപ്പാലത്തിൽ ഇത്തരം മെറ്റൽ കയറ്റി വന്ന വാഹനങ്ങൾ സഞ്ചരിച്ചതിനാൽ വൻ ഗർത്തങ്ങൾ രൂപപ്പെട്ടതിനാൽ ഗതാഗതവും നിർത്തലാക്കിയിരിക്കുകയാണ്.
30 ടണ്‍ ഭാരം കയറ്റിവരുന്ന വാഹനങ്ങൾക്ക് 20 ടണ്‍ ഭാരമുണ്ട്. ഇത്രയും ഭാരമുള്ള വാഹനങ്ങൾ സഞ്ചരിക്കാൻ നാൽപതും അന്‍പതും വർഷങ്ങൾക്കു മുന്‍പ് നിർമിച്ച പാലങ്ങൾ ശക്തമല്ല. പാലങ്ങൾക്ക് തകർച്ച ഉണ്ടായാൽ തൃശ്ശൂർ- പൊള്ളാച്ചി റൂട്ടിൽ വാഹന സഞ്ചാരവും മുടങ്ങും. തമിഴ്നാട്ടിൽ നിന്നും ഗുരുവായൂർ, ശബരിമല ഉൾപ്പെടെ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി ദിനംപ്രതി കടന്നുപോകുന്നത്.
മധുര, ദിണ്ടുക്കൽ, പഴനി, പൊള്ളാച്ചി ഭാഗത്തേക്ക് സംസ്ഥാനത്തു നിന്നും നിരവധി യാത്രാ വാഹന ങ്ങൾ പതിവായിസഞ്ചരിക്കാറുണ്ട്. മെറ്റൽ കടത്തുന്ന മൾട്ടി ആക്സിൽ വാഹനങ്ങൾ കാരണം നിരവധി അപകടങ്ങളും ഇതിനകം നടന്നിട്ടുണ്ട്. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നാട്ടുകർ നേരത്തെ പ്രതിഷേധ സമരങ്ങളും നടത്തിയിട്ടുമുണ്ട്.