എംഎൽഎയുടെ പുസ്തക വണ്ടി യാത്ര പൂർത്തിയായി
1282785
Friday, March 31, 2023 12:27 AM IST
മണ്ണാർക്കാട് : എംഎൽഎയുടെ പുസ്തക വണ്ടി യാത്ര മണ്ണാർക്കാട് മണ്ഡലത്തിൽ പൂർത്തിയായി. കേരള നിയമസഭ ലൈബ്രറിയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായും സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ (ആസാദി കാ അമൃത് മഹോത്സവ്) ഭാഗമായും തിരുവനന്തപുരം നിയമസഭ സമുച്ചയത്തിൽ സംഘടിപ്പിച്ച പുസ്തകോത്സവത്തിന്റെ തീരുമാന പ്രകാരമാണ് എംഎൽഎ ഫണ്ട് ഉപയോഗിച്ച് മണ്ണാർക്കാട് മണ്ഡലത്തിലെ വിവിധ സർക്കാർ സ്കൂളുകൾക്കും അംഗീകൃത ലൈബ്രറികൾക്കും പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്.
പുസ്തക വണ്ടിയുടെ രണ്ടാം ദിന യാത്രയിൽ അട്ടപ്പാടിയിലെ എംആർഎസ് മുക്കാലി, ഗവ എൽപി സ്കൂൾ കക്കുപ്പടി, ഗവ യുപി സ്കൂൾ കാരറ, ഗവ ഹയർസെക്കൻഡറി സ്കൂൾ അഗളി, ഗവ ഹയർസെക്കൻഡറി ഷോളയൂർ, ഗവ ഹയർസെക്കൻഡറി പുതൂർ എന്നിവിടങ്ങളിൽ എൻ.ഷംസുദ്ദീൻ എംഎൽഎ നേരിട്ടെത്തി പുസ്തകങ്ങൾ വിതരണം ചെയ്തു.
20,000 രൂപയുടെ പുസ്തകങ്ങളാണ് ഓരോ സ്കൂളുകൾക്കും ലൈബ്രറികൾക്കും വിതരണം ചെയ്തത്. വിവിധ ചടങ്ങുകളിലായി ബ്ലോക്ക് പഞ്ചായത്ത് മെന്പർമാരായ ഷാജു പെട്ടിക്കൽ, സിന്ധു, സൂസമ്മ ബേബി, കാളിയമ്മ, പഞ്ചായത്ത് മെന്പർമാരായ കൃഷ്ണകുമാർ, പ്രീത, ശാന്തി, എന്നിവരും സ്കൂൾ ഹെഡ്മാസ്റ്റർമാർ, പ്രിൻസിപ്പൽമാർ, പിടിഎ ഭാരവാഹികൾ കൂടാതെ എം.ആർ. സത്യൻ, ഷിബു സിറിയക്, ജോബി കുരീക്കാട്ടിൽ, നവാസ് പഴേരി, റഷീദ് കള്ളമല തുടങ്ങിയവരും സംബന്ധിച്ചു.