നഷ്ടപരിഹാരത്തുക ഈടാക്കണമെന്ന ആവശ്യം നടപ്പായില്ല
1299610
Saturday, June 3, 2023 12:20 AM IST
ഒറ്റപ്പാലം: വർഷങ്ങളോളം താലൂക്കാശുപത്രിയുടെ ഭൂമി വാടകക്ക് നൽകി പണം തട്ടിയ സിപിഎം നേതാവിൽ നിന്നും നഷ്ടപരിഹാര തുക ഈടാക്കണമെന്ന ആവശ്യം നടപ്പായില്ല. വർഷങ്ങളോളം വാടക തുക ഇനത്തിൽ ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയ നേതാവിൽ നിന്നും പണം തിരികെ വാങ്ങണം എന്നാണ് ഉയർന്നുവന്നിരുന്ന ആവശ്യം. എന്നാൽ പണം തിരികെ പിടിക്കാൻ റവന്യൂ വിഭാഗത്തിന്റെ ഭാഗത്തുനിന്നും നടപടികളൊന്നും ഇതുവരെ തുടങ്ങിയിട്ടില്ല. സഹകരണ സൊസൈറ്റിയുടെ പേരിൽ കൈവശംവെച്ചിരുന്ന 14 സെന്റ് ഭൂമി താലൂക്കാശുപത്രിക്ക് രണ്ടുമാസം മുന്പ് വിട്ടുനൽകിയിരുന്നു. എന്നാൽ ഇല്ലാത്ത സംഘടനയുടെ പേരിലാണ് ഭൂമി കൈവശം വയ്ക്കുകയും ഈ ഇനത്തിൽ ഭീമമായ തുക വാടകയായി സിപിഎമ്മിന്റെ ഉന്നത നേതാവ് കൈപ്പറ്റുകയും ചെയ്തിരുന്നത്.
സംഭവം വിവാദമായ സാഹചര്യത്തിലാണ് താലൂക്കാശുപത്രിയിൽനടന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ സിപിഎം നേതാവും സൊസൈറ്റിയുടെ പ്രസിഡന്റുമായ സി. വിജയൻ ആശുപത്രിക്ക് ഭൂമി തിരികെ നൽകിയത്. കിഫ്ബിയുടെ പുതിയ കെട്ടിടം നിർമിക്കുന്നതിനോടുചേർന്ന് പാർക്കിംഗ് സൗകര്യത്തിനും മറ്റുമായുള്ള അനുബന്ധസൗകര്യങ്ങൾ നടപ്പാക്കുന്നതിന് സ്ഥലം ഉപയോഗിക്കുന്നതിന് നടപടികൾ ആയിട്ടുണ്ട്.
ഒറ്റപ്പാലം സഹകരണഗ്രൂപ്പ് ഹോസ്പിറ്റൽ സൊസൈറ്റി കൈവശംവെച്ചിരുന്ന താലൂക്ക് ആശുപത്രിയുടെ 14 സെന്റ് സ്ഥലം ആശുപത്രിക്ക് തിരിച്ചുനൽകാൻ 2017ൽ കേരള സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിനെതിരേ സഹകരണ സൊസൈറ്റി ഹൈക്കോടതിയെ സമീപിക്കുകയും സർക്കാർ നടപടി കോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. കളക്ടറും റവന്യൂ ഡിവിഷണൽ ഓഫീസറും അംഗങ്ങളായിരുന്ന സ്കിപ്പോ എന്ന സന്നദ്ധസംഘടനയ്ക്ക് ആരോഗ്യപ്രവർത്തനങ്ങൾ നടത്താനായി നൽകിയതായിരുന്നു സ്ഥലം. സംഘടന നിർത്തലാക്കിയതോടെ 1975ൽ ഒറ്റപ്പാലം സഹകരണഗ്രൂപ്പ് ഹോസ്പിറ്റൽ സൊസൈറ്റിക്ക് സ്ഥലം കൈമാറി.
പിന്നീട് നാല് പതിറ്റാണ്ടോളം സഹകരണ സൊസൈറ്റി സ്ഥലം കൈവശം വയ്ക്കുകയും ഇവിടെ മാർബിൾ കച്ചവടത്തിന് വാടകയ്ക്ക് നൽകുകയും ചെയ്തിരുന്നു. ഇത്രയും കാലം അനധികൃതമായി കൈവശം വെച്ച് വാടക പിരിച്ച തുകയാണ് സിപിഎം നേതാവ് തിരിച്ചു നൽകണമെന്ന ആവശ്യം നിലനിൽക്കുന്നത.്