ഹരിത തെരഞ്ഞെടുപ്പ്: തോൽപ്പാവക്കൂത്ത് പ്രചാരണ വീഡിയോ പുറത്തിറക്കി
1416391
Sunday, April 14, 2024 6:14 AM IST
പാലക്കാട് : ലോക്സഭ തെരഞ്ഞെടുപ്പ് ഹരിത ഇലക്ഷൻ കാമ്പയിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൻ തോൽപ്പാവക്കൂത്ത് പ്രചാരണ വീഡിയോ പുറത്തിറക്കി.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ഹരിത പ്രോട്ടോകോൾ മാർഗരേഖ പ്രകാരം തെരഞ്ഞെടുപ്പ് പ്രചരണ സമയത്തും ഓരോ ഘട്ടങ്ങളിലും പാലിക്കേണ്ട ഗ്രീൻ പ്രോട്ടോകോൾ നിർദേശങ്ങളാണ് തോൽപ്പാവകളിലൂടെ തനത് ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ജില്ലാ കളക്ടറുടെ ചേമ്പറിൽ ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര വീഡിയോ റിലീസ് ചെയ്തു.
ലോക്സഭാ തെരഞ്ഞെടുപ്പ് ജില്ലാ ഗ്രീൻ പ്രോട്ടോക്കോൾ നോഡൽ ഓഫീസറും ജില്ലാ ശുചിത്വ മിഷൻ കോഓർഡിനേറ്ററുമായ ജി. വരുൺ അധ്യക്ഷനായി.
ഒറ്റപ്പാലം കൂനത്തറ ഹരിശ്രീ കണ്ണൻ തോൽപ്പാവക്കൂത്ത് കലാകേന്ദ്രത്തിലെ എം. ലക്ഷ്മണ പുലവരുടെ നേതൃത്വത്തിലുള്ള കലാകാരന്മാരാണ് ഹരിത ഇലക്ഷൻ കാമ്പയിന്റെ ഭാഗമായി വീഡിയോ തയാറാക്കിയത്. സജീഷ് പുലവരുടെ ആശയത്തിൽ രഘുനാഥ് റിഥം പാലക്കാട് എഴുതിയ തിരക്കഥയ്ക്ക് സജിത്ത്, രാമദാസ്, അക്ഷയ്, കൃഷ്ണേന്ദു എന്നിവരാണ് പിന്നണിയിൽ പ്രവർത്തിച്ചത്. ശ്രീനാഥ് പാലക്കാടാണ് ഛായാഗ്രഹണവും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്.