വണ്ടിത്താവളം നാൽക്കവലയിൽ ഗതാഗതകുരുക്ക് അതിരൂക്ഷം
1430743
Saturday, June 22, 2024 1:19 AM IST
വണ്ടിത്താവളം: ടൗൺ നാൽക്കവലയിൽ വർധിച്ചു വരുന്ന വാഹനകുരുക്ക് ഒഴിയാബാധയായി നീളുന്നു. പരിഹാര നടപടി എന്ന നിലയിൽ രണ്ടുവർഷംമുൻപ് പൊതുമരാമത്ത് കണ്ടെത്തിയ ബൈപാസ് നിർമാണ തീരുമാനം ഫയലിൽ സുഖനിദ്രയിലാണ്. ഈ ജംഗ്ഷനിൽ രാവിലേയും വൈകുന്നേരവുമാണ്് വാഹനകുരുക്ക്. സ്കൂൾ ഗ്രൗണ്ടിൽ നിന്നും ടൗണിലേക്ക് കുത്തനെയുള്ള കയറ്റത്തിൽ കയറിവരുന്ന വാഹനങ്ങൾ പ്രധാന പാതയിലെത്തണമെങ്കിൽ കടമ്പകളേറെയാണ്.
ഇരുവശത്തുമുള്ള വ്യാപാര സ്ഥാപനങ്ങളുടെ മറവു കാരണം പ്രധാന പാതയിൽ വരുന്ന വാഹനങ്ങൾ മുഖാമുഖം എത്തുമ്പോഴാണ് തിരിച്ചറിയുന്നത്. മീനാക്ഷിപുരം - വണ്ടിത്താവളം പ്രധാന പാതയിൽ ഇടയ്ക്കിടെ ഉണ്ടാവുന്ന വാഹന അപകടങ്ങളിൽ പരിക്കേറ്റവരെ കൊണ്ടുവരുന്ന ആംബുലൻസുകളും ഗതാഗതകുരുക്കിൽ അകപ്പെടാറുണ്ട്. നെടുമ്പള്ളം, നന്ദിയോട്, പള്ളിമൊക്ക്, അലയാർ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ ഒന്നിക്കുന്നത് വണ്ടിത്താവളം നാൽക്കവലയിലാണ്. 2,500 ഓളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ ടൗണിലാണുള്ളത്. ഇതുവഴി കെഎസ്ആർടിസി ഉൾപ്പെടെ 30 ലധികം ബസുകളും വിദ്യാർഥികളുടെ വാഹനങ്ങളും സഞ്ചരിക്കുന്നു. അലയാർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ടൗണിലെത്താതെ കടന്നുപോകാൻ ബൈപാസ് റോഡ് നിർമിക്കാനാണ് പൊതുമരാമത്ത് തീരുമാനിച്ച് രണ്ടു തവണ സർവേ നടത്തിയത്. ഇതു സംബന്ധിച്ച് യാത്രക്കാർ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടാൽ സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന മറുപടിയാണ് ഉണ്ടാകുന്നത്.
ചിറ്റൂർ ആശുപത്രി ജംഗ്ഷൻ വഴി എത്തുന്ന വാഹനയാത്രക്കാർ വണ്ടിത്താവളം ടൗണിലെ കുരുക്ക് മറികടക്കാൻ മൂന്നുകിലോമീറ്റർ അധികം സഞ്ചരിച്ച് മേട്ടുപ്പാളയം വഴിയും വണ്ടിത്താവളത്ത് എത്താറുണ്ട്. താലൂക്കിലെ മിക്ക പഞ്ചായത്ത് റോഡുകളും നവീകരിച്ച് സഞ്ചാരയോഗ്യമാക്കിയിട്ടും സ്കൂൾ ഗ്രൗണ്ട് റോഡിന് ഇതുവരേയും ശാപമോക്ഷം ഉണ്ടായിട്ടില്ല.