ഭാരതപുഴയിലിറങ്ങുന്ന നാൽകാലികളെ നിരീക്ഷിക്കാൻ നഗരസഭാ അധികൃതർ
1431224
Monday, June 24, 2024 1:35 AM IST
ഷൊർണൂർ: ഭാരതപ്പുഴയിൽ പോത്തുകൾ ചത്തപൊങ്ങി നാട്ടുകാരുടെ കുടിവെള്ളം മുട്ടിയ സാഹചര്യത്തിൽ കർശന നടപടികളുമായി പട്ടാമ്പി നഗരസഭ. ഭാരതപ്പുഴയിൽ ഇറങ്ങുന്ന കന്നുകാലികളെ പിടിച്ച് കെട്ടി ഉടമകളിൽ നിന്നും പിഴയീടാക്കുകയാണ് അധികൃതർ. തൃത്താല അത്താണി ഭാഗത്ത് ഭാരതപ്പുഴയിൽ ഏഴ് പോത്തുകളുടെ ജഡമാണ് കഴിഞ്ഞ ദിവസം അഴുകിയ നിലയിൽ കണ്ടെത്തിയത്.
തുടർന്ന് പാവറട്ടി വാട്ടർ സ്കീമിൽ നിന്നുള്ള കുടിവെള്ള വിതരണം നിർത്തി വെച്ചു. പാവറട്ടി ശുദ്ധജല വിതരണ പദ്ധതിയുടെ ജലസ്രോതസാണ് ഭാരതപ്പുഴ.
പമ്പിങ്ങ് നിർത്തിവെച്ചതിനെ തുടർന്ന് നിളാതീര പഞ്ചായത്തുകളിലും കുന്നംകുളം, ഗുരുവായൂർ മേഖലകളിലുമെല്ലാം കുടിവെള്ള വിതരണം തടസപ്പെട്ടിരുന്നു. കുടിവെള്ളം പരിശോധനക്കായി വാട്ടർ അതോറിറ്റിയുടെ ക്വാളിറ്റി കൺട്രോൾ ലാബിലേക്ക് അയക്കുകയും ചെയ്തു.
പരിശോധന റിപ്പോർട്ട് കിട്ടിയതിനു ശേഷമേ പമ്പിംഗ് പുനരാരംഭിക്കുകയുള്ളു.
മന്ത്രി എം.ബി. രാജേഷിന്റെ നിർദേശത്തെ തുടർന്നാണ് ഭാരതപ്പുഴയിൽ കന്നുകാലികളെ മേയാൻ അഴിച്ചുവിടുന്നവർക്കെതിരെ നടപടിയുമായി നഗരസഭ രംഗത്തിറങ്ങിയത്.
നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നടപടി. കിഴായൂർ നമ്പ്രത്ത് നടത്തിയ പരിശോധനയിലാണ് രണ്ട് പോത്തുകളെ പിടികൂടിയത്.
ആദ്യഘട്ടത്തിൽ ഉടമയെ കണ്ടെത്തി പിഴ ഈടാക്കുമെന്നും തുടർന്ന് ഇത്തരത്തിൽ പിടികൂടുന്ന കന്നുകാലികളെ ലേലത്തിൽ വിൽക്കുമെന്നും അധികൃതർ പറഞ്ഞു.