ഭാരതപ്പുഴ തീരദേശവാസികൾ ആശങ്കയിൽ
1436852
Thursday, July 18, 2024 1:37 AM IST
ഷൊർണൂർ: മഴ കനത്തതോടെ കടുത്ത ആശങ്കയിലാണ് ഭാരതപ്പുഴയുടെ തീരദേശമേഖലയിൽ താമസിക്കുന്നവർ. മാറ്റമില്ലാതെ ശക്തമായ മഴ തുടരുകയാണ്. ജനവാസ മേഖലകളിലേക്കു ഏതുനിമിഷവും വെള്ളം കയറാവുന്ന സ്ഥിതിയാണ്.
ഭാരതപ്പുഴ പലയിടത്തും ഇതിനകം കരകവിഞ്ഞൊഴുകാൻ തുടങ്ങിയിട്ടുണ്ട്. ഒരുരാത്രികൊണ്ട് പുഴവെള്ളം വലിയതോതിൽ ഉയർന്നതാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്.
2018ലും 2019ലുമുണ്ടായ പ്രളയത്തിൽ ഷൊർണൂർ പരിസര പ്രദേശങ്ങളിലും പരിസരത്തുള്ള വാണിയംകുളം, കിഴായൂർ, നമ്പ്രം, മുതുതല, മേഖലകളിലേക്കും പുഴവെള്ളംകയറി വ്യാപക നാശനഷ്ടമുണ്ടാക്കിയിരുന്നു. നിലവിൽ കൊച്ചി പാലം, ലക്കിടിപാലം പട്ടാമ്പി പാലം എന്നിവയുടെ തൊട്ടുതാഴെവരെ വെള്ളമെത്തിയിട്ടുണ്ട്. ഇക്കുറി കാലവർഷം തുടങ്ങിയശേഷം ആദ്യമായാണ് പുഴ ഇരുകരയും മുട്ടിയുരുമ്മി ഒഴുകുന്നത്.
പുഴയിലെ ചെറുകാടുകളും മൂടിയാണ് നിലവിൽ നിളയൊഴുകുന്നത്. വെള്ളംകയറാൻ തുടങ്ങിയതോടെ ഇരുകരയിലും പുഴകാണാൻ നിരവധിപേർ എത്തുന്നുണ്ട്. നഷ്ടപ്രതാപം വീണ്ടെടുത്താണ് നിളയുടെ ഒഴുക്ക്.