ചിറ്റൂർ: നല്ലേപ്പിള്ളി മൂച്ചിക്കുന്ന് പാടശേഖര സമിതി പ്രദേശങ്ങളിൽ കതിരിട്ട നെൽപ്പാടങ്ങളിൽ പന്നിക്കൂട്ടമിറങ്ങി വിളനാശമുണ്ടാക്കുന്നത് കർഷകർക്ക് വിനയാകുന്നു. വരുംദിവസങ്ങൾ കർഷകർ വയലുകളിൽ കാവൽ നിൽക്കേണ്ടതായ സ്ഥിതിയാണ്. രാത്രി സമയങ്ങളിൽ പടക്കം പൊട്ടിച്ച് പന്നികളെ തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതൊന്നും ലക്ഷ്യം കാണുന്നില്ല.
കൊയ്ത്തുവരെയുള്ള ദിവസങ്ങൾ കർഷന് ഉറക്കമില്ലാ രാത്രികളായിരിക്കും. ഭൂരിഭാഗം കർഷകരും ധനകാര്യസ്ഥാപനങ്ങളിൽ നിന്നും വായ്പ വാങ്ങിയാണ് കൃഷിയിറക്കിയിട്ടുള്ളത്. ഒരോ തവണ കൊയ്ത്ത് നടത്തുമ്പോഴും വിളഞ്ഞ നെല്ലിന്റെ 30 മുതൽ 40 ശതമാനം വരെ പന്നികൾ നശിപ്പിക്കുന്നത് മൂലം ഭീമമായ നഷ്ടമാണ് കർഷകനുണ്ടാവുന്നത്. പന്നികളെ കൊല്ലാൻ പഞ്ചായത്ത് ഭരണ സമിതികൾക്ക് അധികാരം നൽകിയിട്ടുണ്ടെങ്കിലും കർഷകർക്ക് ഇതിന്റെ ഗുണം ലഭിക്കാറില്ല.