കൃഷിഭൂമിയിലേക്കുള്ള വഴിയടച്ചതായി കർഷകരുടെ പരാതി; 20 ഏക്കറിൽ നെൽകൃഷി മുടങ്ങും
1458045
Tuesday, October 1, 2024 7:02 AM IST
ഷൊർണൂർ: കൃഷിഭൂമിയിലേക്കുള്ള വഴി വളച്ചുകെട്ടിയതായി പരാതി. ജില്ലാകളക്ടറുടെ ഉത്തരവും പാലിക്കപ്പെട്ടില്ല. പ്രതിസന്ധിയിലായി കർഷകർ. ചെറുകാട്ടുപുലം പാടശേഖരത്തിലേ 20 ഏക്കറിലേക്കാണ് ട്രാക്ടർ ഇറക്കാൻ വഴിയില്ലാതെ കർഷകർ വിഷമിക്കുന്നത്. വർഷങ്ങളായി നെൽകൃഷിചെയ്യുന്ന പാടശേഖരത്തിലേക്ക് റോഡിൽനിന്ന് യന്ത്രങ്ങളിറങ്ങുന്ന വഴി സ്വകാര്യവ്യക്തി അടച്ചുകെട്ടിയതാണ് കാരണമെന്ന് കർഷകർ പറയുന്നു.
ഇതിനെതിരേ കൃഷിമന്ത്രി, റവന്യൂമന്ത്രി, കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പാടശേഖരസമിതിയുടെ നേതൃത്വത്തിൽ 2022-ൽ പരാതിയും നൽകിയിരുന്നു. എന്നാൽ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.
പാടശേഖരങ്ങൾക്ക് നടുവിലൂടെ പോകുന്ന വാണിയംകുളം-മാന്നനൂർ റോഡിലെ കലുങ്കുനിർമാണത്തിനായി സമീപത്ത് താത്കാലികമായി റോഡ് നിർമിച്ചിരുന്നു. ഇതുവഴിയാണ് കഴിഞ്ഞവർഷങ്ങളിൽ കർഷകർ ട്രാക്ടറും കൊയ്ത്തുയന്ത്രവുമെല്ലാം ഇറക്കിയിരുന്നത്. എന്നാൽ റോഡിന്റെ സംരക്ഷണഭിത്തി നിർമാണം തുടങ്ങിയതോടെ ഈ വഴിയും പൊളിച്ചുനീക്കി.
ഇതോടെ കർഷകർക്ക് രണ്ടാംവിളയ്ക്ക് നിലമൊരുക്കുന്നതിന് ട്രാക്ടർ ഇറക്കാൻപറ്റാത്ത സ്ഥിതിയാണ്. കുറച്ച് പാടങ്ങളിൽ നെല്ലുകൾ വിളഞ്ഞുനിൽക്കുന്നതാകട്ടെ കൊയ്ത്തുയന്ത്രം ഇറക്കാൻ വഴിയില്ലാത്തതിനാൽ നശിച്ചുപോകുന്ന സ്ഥിതിയാണ്. കർഷകർ പാട്ടത്തിനെടുത്തും സ്വന്തമായും നെൽകൃഷി ചെയ്യുന്ന പാടശേഖരമാണ് ചെറുകാട്ടുപുലം.
പനയൂർസ്വദേശി ഡോ. സി. രാധാകൃഷ്ണൻ എട്ടേക്കർ പാടമാണ് പാട്ടത്തിനെടുത്ത് ആറുവർഷമായി കൃഷിചെയ്യുന്നത്. കെ. രണൻ, സുരേഷ് എന്നിവരും പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. പാടശേഖരത്തിന്റെ നടുവിൽക്കൂടി തോട് പോകുന്നതിനാൽ മറുഭാഗത്തുനിന്ന് ട്രാക്ടറും കൊയ്ത്തുയന്ത്രവുമൊന്നും ഇവിടേക്ക് എത്തിക്കാൻ കഴിയില്ലെന്നും ഇവർ പറയുന്നു. സമീപത്തുതന്നെ ട്രാക്ടർ പോയിരുന്ന മറ്റൊരുപാടവും സ്വകാര്യവ്യക്തി കമ്പിവേലി കെട്ടിവളച്ചു. ഇതിൽ തെങ്ങ്, പ്ലാവ്, മാവ് ഉൾപ്പെടെ വെച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനെതിരേ കെ. വിജയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ കൃഷിസ്ഥലം പരിശോധന നടത്തിയിരുന്നു. ഇതെല്ലാം നീക്കി പൂർവസ്ഥിതിയിലാക്കാൻ കളക്ടർ ഉത്തരവും നൽകിയിരുന്നു. എന്നാൽ ഇവയൊന്നും ഇപ്പോഴും നീക്കംചെയ്തിട്ടില്ലെന്നും ട്രാക്ടർ ഇറക്കാൻ പറ്റാത്തതിനാൽ ഇത്തവണ കൃഷിയിറക്കാൻ പറ്റുന്നില്ലെന്നുമാണ് കർഷകരുടെ പരാതി.