2021 ഇന്‍ഫാം കാര്‍ഷിക നവോത്ഥാന വര്‍ഷം
Friday, January 15, 2021 11:59 PM IST
കൊച്ചി: സംസ്ഥാനത്തുടനീളം ഇന്‍ഫാം കര്‍ഷകദിനം ആചരിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ഇന്‍ഫാം സംസ്ഥാന നേതൃസമ്മേളനവും സംസ്ഥാനതല കര്‍ഷക ദിനാചരണവും സീറോ മലബാർ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.
2021 ഇന്‍ഫാം കാര്‍ഷിക നവോത്ഥാന വര്‍ഷമായി മാര്‍ ആലഞ്ചേരി പ്രഖ്യാപിച്ചു. ഇന്‍ഫാം സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് മോനിപ്പിളളില്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.
ദേശീയ സെക്രട്ടറി ജനറല്‍ ഷെവ. വി.സി. സെബാസ്റ്റ്യന്‍ വിഷയാവതരണവും ഇന്‍ഫാം ദേശീയ ട്രഷറര്‍ ജോയി തെങ്ങുംകുടി അനുസ്മരണ പ്രഭാഷണവും നടത്തി. കേന്ദ്ര ഗവണ്മെന്റിന്റെ കര്‍ഷകവിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും പരിസ്ഥിതി ലോല പട്ടയ വിഷയങ്ങളില്‍ കര്‍ഷകരെ സംരക്ഷിക്കണമെന്നും കൃഷിയിടങ്ങളിലും ജനവാസ മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കുന്ന വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം ഫാ. റോബിന് പടിഞ്ഞാറേക്കൂറ്റ്, ജന്നറ്റ് മാത്യു എന്നിവര്‍ അവതരിപ്പിച്ചു.