അരിക്കൊന്പൻ കാടുകയറിയത് നാടിനെ മുൾമുനയിൽ നിർത്തി
Monday, May 29, 2023 12:41 AM IST
കന്പം: തമിഴ്നാട് വനംവകുപ്പിനു പിടികൊടുക്കാതെ അരിക്കൊന്പൻ കാടുകയറിയത് ഏറെ നേരം നാടിനെ മുൾമുനയിൽ നിർത്തി.
ആനയെ മയക്കുവെടിവയ്ക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് ഇന്നലെ ആന കാടുകയറിയത്. ശനിയാഴ്ച രാത്രി 8.30 ഓടെ നിലയുറപ്പിച്ചിരുന്ന വാഴത്തോട്ടത്തിൽനിന്നു കന്പം ബൈപാസ് മുറിച്ചുകടന്ന് കുറച്ചു ദൂരം പോയെങ്കിലും അധികം വൈകാതെ തിരിച്ചെത്തി. പിന്നീട് ഇന്നലെ പുലർച്ചെ മൂന്നോടെ ഇവിടെനിന്നു വീണ്ടും പോയി. രാവിലെ സുരളി വെള്ളച്ചാട്ടത്തിനു സമീപമുണ്ടായിരുന്നു. ഇവിടുത്തെ വനത്തിനുള്ളിലെ ക്ഷേത്രത്തിനു സമീപമായിരുന്നു ആന.
മയക്കുവെടി വയ്ക്കാൻ ഉദ്യോഗസ്ഥരടക്കം എത്തിയെങ്കിലും അനുയോജ്യമായ സ്ഥലം അല്ലാത്തതിനാൽ ശ്രമം ഉപേക്ഷിച്ചു. പിന്നീട് ആനഗജം വഴി കുത്തനാച്ചിയാർ വനമേഖലയിലേക്കു കടന്നു. ഇവിടെയടക്കം വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി. രണ്ടു തവണയാണ് ഇന്നലെ ആനയെ വനംവകുപ്പ് നേരിൽ കണ്ടത്.
യുഎച്ച്എഫ് ആന്റിന ഉപയോഗിച്ചും ആനയെ നിരീക്ഷിച്ചുവരികയാണ്. ഇന്നലെ രാവിലെ കന്പത്തുനിന്ന് 12 കിലോമീറ്റർ അകലെ ആന എത്തിയിരുന്നു. ഒടുവിൽ സിഗ്നൽ ലഭിക്കുന്പോൾ വനത്തിനുള്ളിലേക്ക് അഞ്ചു കിലോമീറ്ററോളം സഞ്ചരിച്ചതായാണ് വ്യക്തമായിട്ടുള്ളത്. മേഘമല കടന്നാൽ പെരിയാറിലേക്ക് എത്താനുമാകും. ചിന്നക്കനാലിൽ നടന്ന ദൗത്യത്തിനു സമാനമായാണ് കന്പത്തും ഒരുക്കങ്ങൾ നടത്തിയത്. മേഘമല കടുവ സങ്കേതത്തിലേക്കു കയറിയ ആന ഉടൻ തിരികെ ജനവാസ മേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത കുറവാണെന്നു നിഗമനത്തിലാണ് തമിഴ്നാട് വനംവകുപ്പ്. അരിക്കൊന്പൻ തിരികെയെത്തിയാൽ മയക്കുവെടി വയ്ക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി ജാഗ്രത പുലർത്തിവരികയാണ് തമിഴ്നാട് വനംവകുപ്പ്.
അരിക്കൊന്പനെ മെരുക്കാൻ അരിരാജ!
കന്പം: അരിക്കൊന്പൻ കന്പത്തെ വിറപ്പിച്ചതോടെ ശരവേഗത്തിലാണ് ആനയെ പിടികൂടാനുള്ള നടപടി പുരോഗമിച്ചത്. ദൗത്യത്തിൽ സഹായിക്കാനായി കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ചിരുന്നു. ആനമലയിലെ ആനസങ്കേതത്തിൽനിന്നു സ്വയംഭൂ എന്ന താപ്പാനയെയാണ് ആദ്യം എത്തിച്ചത്. പിന്നീട് മുതുമലയിൽനിന്ന് ഉദയൻ, അവസാനം മുത്തു എന്നീ കുങ്കിയാനകളെയും എത്തിച്ചു. ഇതിൽ മുത്തുവെന്ന അരിരാജയ്ക്ക് അരിക്കൊന്പനുമായി ഏറെ സാമ്യവുമുണ്ട്. അരി തിന്നു നടന്നിരുന്ന ഇവനെ പിടികൂടി താപ്പാനയാക്കുകയായിരുന്നു.

മയക്കു വെടിവയ്ക്കാനുള്ള സംഘത്തിൽ അഞ്ചു പേരാണുള്ളത്. ഇവർ ഇന്നലെ രാവിലെതന്നെ സ്ഥലത്ത് എത്തിയിരുന്നു. ആന സുരുളിയിലെ പ്ലാവിൽനിന്നു ചക്ക ആഹാരമാക്കിയതും തോട്ടത്തിന്റെ സംരക്ഷണവേലി നശിപ്പിച്ചതുമടക്കം കണ്ടെത്തി. പിന്നീട് ഇവിടെയുള്ള വാഴത്തോട്ടത്തിൽ ഏറെനേരം നിലയുറപ്പിച്ചു. ശേഷം വനമേഖലയിലേക്കു കയറിപ്പോകുകയായിരുന്നു. ഇവിടെ വച്ച് ആനയെ ഉദ്യോഗസ്ഥർ കണ്ടിരുന്നു. അതേസമയം, മയക്കുവെടി വയ്ക്കേണ്ടി വന്നാൽ ആനയുടെ ജീവനു ഭീഷണിയുണ്ടാകാതെ നോക്കുമെന്നും നേരത്തെ വെടിയേറ്റതു പരിഗണിക്കുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
ജനവാസമേഖലയിലെ സമാധാന ജീവിതത്തിന് ആന വെല്ലുവിളിയാണെന്നു കണ്ടെത്തിയാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊന്പനെ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവിറക്കിയത്. കൊന്പനെ പിടികൂടി മേഘമലയിലെ വെള്ളമല വരശ്നാട് താഴ്വരയിലേക്ക് മാറ്റാനായിരുന്നു തീരുമാനം. ഉദ്യോഗസ്ഥരും കുങ്കിയാനകളും ഏതാനും ദിവസംകൂടി കന്പത്തു തുടരും.
ആന ക്ഷീണിതൻ, ഉടനെ തിരിച്ചുവന്നേക്കില്ല
കന്പം: അരിക്കൊന്പൻ വീണ്ടും ജനവാസ മേഖലയിലെത്തിയാൽ മയക്കുവെടിവച്ചു പിടികൂടുമെന്നും ഇതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായും തമിഴ്നാട് വനംമന്ത്രി ഡോ.എം. മതിവേനാഥൻ പറഞ്ഞു. ആന കഴിഞ്ഞ ദിവസം രാത്രിയിൽ പേടിച്ചു വിരണ്ടോടാൻ കാരണം വാഴത്തോട്ടത്തിൽ തീയിട്ടതാണ്. മയക്കുവെടി വയ്ക്കാൻ സാധിക്കാതെ വന്നാൽ ഉൾവനത്തിലേക്ക് ആനയെ തുരത്താനുള്ള നടപടിയാകും സ്വീകരിക്കുക. ഭക്ഷണവും വെള്ളവുമില്ലാതെ ഏറെ അലഞ്ഞതിനാൽ ആന ക്ഷീണിതനാണെന്നും ഉടൻ മടങ്ങി എത്താനുള്ള സാധ്യത കുറവാണെന്നുമാണ് വിലയിരുത്തൽ.
മന്ത്രിയും 200-ഓളം വരുന്ന ഉദ്യോഗസ്ഥരും അരിക്കൊന്പൻ മിഷന്റെ ഭാഗമായി കന്പത്ത് എത്തിയിട്ടുണ്ട്. അതേസമയം, ഇവിടെ രണ്ടാം ദിവസവും നിരോധനാജ്ഞ തുടരുകയാണ്. ഇന്നലെ സുരുളി വെള്ളച്ചാട്ടത്തിനു സമീപം ആനയെത്തിയതോടെ ഗതാഗതം നിരോധിക്കുകയും ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. നിരവധി വിനോദസഞ്ചാരികൾ എത്തുന്ന പ്രദേശമാണിവിടം.