ഷാജന് സ്കറിയയെ ഇഡി ചോദ്യം ചെയ്തു
Wednesday, September 27, 2023 6:18 AM IST
കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന് സ്കറിയയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.
ഷാജന്റെ സ്വത്തുക്കളുടെയും കഴിഞ്ഞ പത്തു വര്‍ഷം ആദായ നികുതി അടച്ചതിന്റെയും രേഖകളുമായി ഹാജരാകാനായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് ഒരു ട്രോളി ബാഗ് നിറയെ രേഖകളുമായാണ് എത്തിയത്. മുമ്പ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഷാജന് ഹാജരായില്ല. വിദേശ പണമിടപാടിലടക്കം കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട രേഖകളാണ് ബാഗില്‍ കൊണ്ടുവന്നതെന്ന് ഷാജന് മാധ്യമങ്ങളോടു പറഞ്ഞു. പരാതിയുടെ നിജസ്ഥിതി പരിശോധിക്കുന്നതിനാണ് ഷാജന് സ്കറിയയെ വിളിച്ചു വരുത്തിയതെന്നാണ് വിവരം.