കേരളക്കരയിൽ മോദിയും രാഹുലും മുഖാമുഖം
Tuesday, April 16, 2024 3:01 AM IST
തിരുവനന്തപുരം: വോട്ടെടുപ്പിനു വെറും പത്തു ദിവസം മാത്രം അവശേഷിക്കേ സംസ്ഥാനം തെരഞ്ഞെടുപ്പു ചൂടിലമർന്നു കഴിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കളത്തിലിറങ്ങി പോരു മുറുക്കിയപ്പോൾ ഇരുപതു ലോക്സഭാ മണ്ഡലങ്ങളിലും പോരാട്ടവും കടുക്കുകയാണ്.
ഇവർക്കു പുറമേ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് തുടങ്ങിയവരും കർണാടക ഉപമുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാറും ഉൾപ്പെടെയുള്ള നേതൃനിരയും സംസ്ഥാനത്ത് പ്രചാരണത്തിൽ സജീവമാകുകയാണ്.
ഇന്നലെ കുന്നംകുളത്തും കാട്ടാക്കടയിലും പൊതുയോഗങ്ങളിൽ പങ്കെടുത്ത നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനുമെതിരേ അതിരൂക്ഷമായ വിമർശനം അഴിച്ചുവിട്ടു. കരുവന്നൂർ ബാങ്ക് തട്ടിപ്പും മാസപ്പടിയുമെല്ലാം പരാമർശിച്ച മോദി, മുഖ്യമന്ത്രിയും മകളും വരെ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നു കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിയെ ഇന്ത്യക്കു വിശ്വാസമില്ലെന്നു പറഞ്ഞ പ്രധാനമന്ത്രി, മോദിയുടെ ഗാരണ്ടിയിലാണു ജനങ്ങൾക്കു വിശ്വാസമെന്നും പറഞ്ഞു. വയനാട്ടിൽ റോഡ് ഷോകൾ ഉൾപ്പെടെ പ്രചാരണ പരിപാടികൾ നടത്തിയ രാഹുൽ ഗാന്ധി കോഴിക്കോട് യുഡിഎഫിന്റെ മഹാറാലിയെ അഭിസംബോധന ചെയ്തു.