കടമെടുപ്പിൽ ആശങ്ക; കേരളത്തിന്റെ ആവശ്യത്തിൽ മറുപടി നൽകാതെ കേന്ദ്രം
കെ. ഇന്ദ്രജിത്ത്
Monday, May 20, 2024 4:12 AM IST
തിരുവനന്തപുരം: കടമെടുപ്പിനുള്ള കേരളത്തിന്റെ ആവശ്യത്തിൽ മറുപടി നൽകാതെ കേന്ദ്രം. ജൂണ് ഒന്നിനു നൽകേണ്ട സർക്കാർ ജീവനക്കാരുടെ ശന്പളവും പെൻഷനും അടക്കമുള്ളവ വിതരണം ചെയ്യുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ആശങ്കയിലാണ്.
ഈ മാസം 31നു വിരമിക്കുന്ന ഏതാണ്ട് 15,000ത്തോളം ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങളുടെ കോടികൾകൂടി എത്തുന്നതോടെ സാന്പത്തിക പ്രതിസന്ധി അതീവ ഗുരുതരമാകുമെന്നാണു വിലയിരുത്തൽ.
ഈ സാന്പത്തികവർഷത്തെ ആദ്യ ഒൻപതു മാസം സംസ്ഥാനത്തിന് എത്ര രൂപ കടമെടുക്കാനാകുമെന്നു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ധനവകുപ്പ് കേന്ദ്ര ധനമന്ത്രാലയത്തിനു കത്ത് നൽകിയിട്ട് ഒന്നര മാസമായിട്ടും ഇതുവരെ മറുപടി നൽകിയിട്ടില്ല. എത്ര തുക കടമെടുക്കാം എന്ന ചോദ്യത്തിനുപോലും കേന്ദ്രം മറുപടി നൽകാത്ത സാഹചര്യത്തിൽ കടമെടുപ്പ് സംസ്ഥാന സർക്കാരിനു മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുകയാണ്.
2024-25 സാന്പത്തികവർഷം 37,512 കോടി കേരളത്തിനു കടമെടുക്കാൻ സാധിക്കുമെന്നാണു കരുതപ്പെടുന്നത്. ഇതിൽ കിഫ്ബിയുടെയും സാമൂഹികസുരക്ഷാ പെൻഷൻ കന്പനിയുടെയും പരിധി കഴിച്ചാൽ എത്ര തുക കടമെടുക്കാൻ കഴിയുമെന്ന് അറിയിക്കേണ്ടതുണ്ട്. സാന്പത്തികവർഷത്തിലെ ആദ്യ ഒൻപതു മാസമായ ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലത്ത് എത്ര തുക കടമെടുക്കാമെന്നു കേന്ദ്രം വ്യക്തമാക്കേണ്ടതുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് നടപടിക്രമവുമായി ബന്ധപ്പെട്ട കാലതാമസമാണു മറുപടി വൈകുന്നതിനു കാരണമെന്നാണു ധനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. 5,000 കോടി കടമെടുക്കാൻ അനുവദിക്കണമെന്നു കേരളം കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ 3,000 കോടി കടം എടുക്കാനുള്ള താത്കാലിക അനുമതിയാണു കേന്ദ്രം നൽകിയത്. രണ്ടു തവണയായി 3,000 കോടി കേരളം കടമെടുത്തു.
ഇതുകൂടാതെ കഴിഞ്ഞ വർഷത്തെ 20,000 കോടിയോളം രൂപ കരാറുകാർക്കു കൊടുക്കാനുണ്ട്. ക്ഷേമപെൻഷൻ ആറു മാസം കുടിശികയാണ്. ഇതു കൊടുത്തുതീർക്കാൻ 5,400 കോടി വേണം. ഒരു മാസത്തെ ക്ഷേമപെൻഷൻ വിതരണമാണു സർക്കാർ ആലോചിക്കുന്നത്. വിരമിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാനും വേണം 10,000 കോടിയോളം രൂപ.
സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശന്പളവിതരണത്തിന് 3,000 കോടിയോളം രൂപയും പെൻഷന് 2,300 കോടിയും വേണ്ടിവരും. ശന്പള നിയന്ത്രണങ്ങൾ തുടർന്നാലും ഒരു മാസം ശന്പളവും പെൻഷനും നൽകാൻ ആദ്യ 10 ദിവസങ്ങളിൽ 3,000 കോടിയെങ്കിലും വേണ്ടിവരുമെന്നാണു കരുതുന്നത്. കടമെടുപ്പ് അനുമതി അടുത്തയാഴ്ച ലഭിക്കുമെന്നാണു ധനവകുപ്പിന്റെ പ്രതീക്ഷ. റിസർവ് ബാങ്കിന്റെ ഇ-കുബേർ അഥവാ കോർ ബാങ്കിംഗ് സൊലൂഷൻ സംവിധാനം വഴി കടപ്പത്രം ഇറക്കിയാണു സംസ്ഥാന സർക്കാരുകൾ കടമെടുക്കുന്നത്.