സിദ്ധാർഥന്റെ മരണം: വിസിക്കും ഡീനിനും ഉത്തരവാദിത്വം
Thursday, July 18, 2024 3:35 AM IST
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ചാൻസലർ കൂടിയായ ഗവർണർ നിയമിച്ച ജസ്റ്റീസ് എ. ഹരിപ്രസാദ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു.
സിദ്ധാർഥന്റെ മരണദിവസം വൈസ് ചാൻസലറായിരുന്ന ഡോ. എം.ആർ. ശശീന്ദ്രനാഥ് കാന്പസിൽ ഉണ്ടായിരുന്നിട്ടും വിഷയത്തിന്റെ ഗൗരവം മനസിലാക്കി സമയബന്ധിതമായി നടപടി സ്വീകരിച്ചില്ലെന്നു റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഹോസ്റ്റൽ വാർഡൻ കൂടിയായ കോളജ് ഡീൻ ഡോ. നാരായണനും സംഭവത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. ഹോസ്റ്റൽ മുറികളുടെ ചുവരികളിൽ അശ്ലീലം കലർന്ന വാക്കുകൾ എഴുതിവച്ചിട്ടും അച്ചടക്കം നടപ്പാക്കാത്തതിൽ വാർഡനെതിരേ പരാമർശമുണ്ട്.
സിദ്ധാർഥന്റെ മരണവിവരം അറിഞ്ഞശേഷവും വേഗത്തിൽ നടപടികൾ കൈക്കൊള്ളാത്തത് സമൂഹത്തിൽ നിശിതമായ വിമർശനങ്ങൾക്ക് ഇടയാക്കി.
ഒരു ഡോക്ടർ കൂടിയായ ഡീനിന് സിദ്ധാർഥന്റെ മൃതശരീരത്തിന്റെ നീലനിറവും നാഡിമിടിപ്പ് നിലച്ചതും കണ്ടെത്തിയിട്ടും യഥാസമയം പോലീസിൽ അറിയിക്കുന്നതിൽ ഗുരുതരമായ വീഴ്ച ഉണ്ടായി. ഹോസ്റ്റലിൽ സിസിടിവി സ്ഥാപിക്കണമെന്നും സെക്യൂരിറ്റി സംവിധാനം ഏർപ്പെടുത്തണമെന്നും അസിസ്റ്റന്റ് വാർഡൻ പലതവണ ആവശ്യപ്പെട്ടിട്ടും വിസിയോ രജിസ്ട്രാറോ ഡീനോ നടപടിയെടുത്തില്ല.
വാർഡനും അസിസ്റ്റന്റ് വാർഡനും ഹോസ്റ്റൽ സന്ദർശിക്കാറില്ലായിരുന്നു. വിദ്യാർഥികളുടെ നേരിട്ടുള്ള ചുമതല നൽകിയിട്ടുള്ള സ്റ്റുഡൻസ് അഡ്വൈസർമാർക്ക്, വിദ്യാർഥികളുമായി യാതൊരു ബന്ധവുമില്ല. സീനിയർ വിദ്യാർഥികളുടെ നിയന്ത്രണത്തിലാണ് ഹോസ്റ്റലുകൾ.
ബാഹ്യശക്തികളുടെ പിന്തുണയോടെ കാന്പസിൽ നടത്തുന്ന രാഷ്ട്രീയ പ്രവർത്തനത്തിലൂടെ കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്ക്കാനും കുറ്റവാളികളെ നിയമനടപടികളിൽനിന്നു സംരക്ഷിക്കാനും സഹായിക്കുന്നുവെന്നത് ചെറിയ കാര്യമല്ലെന്ന് കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു.
സിദ്ധാർഥന്റെ മരണത്തിനുപിന്നിൽ കുറ്റകൃത്യം ചെയ്തവർ ആരാണെന്നോ വിദ്യാർഥികൾക്ക് കാന്പസിനു പുറത്ത് സംരക്ഷണം നല്കിയത് ആരാണെന്നോ ഉൾപ്പെടയുള്ള കാര്യങ്ങൾ റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല.
മേയ് 29നാണ് കമ്മീഷൻ പ്രവർത്തനം ആരംഭിച്ചത്. മൂന്നുമാസമായിരുന്നു റിപ്പോർട്ട് നൽകാൻ കമ്മീഷന് സമയം അനുവദിച്ചിരുന്നത്. വൈസ് ചാൻസലർ, സിദ്ധാർഥന്റെ മാതാപിതാക്കൾ, സഹപാഠികൾ അധ്യാപകർ, വാർഡൻ ഉൾപ്പെടെയുള്ളവരിൽനിന്ന് കമ്മീഷൻ മൊഴിയെടുത്തിരുന്നു.