പത്മരാജൻ സാഹിത്യ പുരസ്കാരങ്ങൾ എസ്. ഹരീഷിനും പി.എസ്. റഫീക്കിനും
Friday, May 23, 2025 11:58 PM IST
തിരുവനന്തപുരം: പത്മരാജൻ ട്രസ്റ്റ് 34-ാം പത്മരാജൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2024ലെ മികച്ച നോവൽ, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്.
പട്ടുനൂൽപ്പുഴുവെന്ന നോവൽ രചിച്ച എസ്. ഹരീഷാണ് മികച്ച നോവലിസ്റ്റ്. ഇടമലയിലെ യാക്കൂബ് എന്ന ചെറുകഥ രചിച്ച പി.എസ്. റഫീക്കാണ് മികച്ച കഥാകൃത്ത്. ഇവർക്ക് യഥാക്രമം 20,000, 15,000 രൂപയും പ്രശസ്തിപത്രവും നല്കും.
ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ ഫാസിൽ മുഹമ്മദിനാണ് മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള അവാർഡ്. 40,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
പുതുമുഖ രചയിതാവിന്റെ ഏറ്റവും പ്രധാനപ്പെട്ട ആദ്യ രചനയ്ക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ടെയ്ൽസ് ഓഫ് ഇന്ത്യ പുരസ്കാരത്തിന് വൈറസ് എന്ന നോവലിന്റെ രചയിതാവ് ഐശ്വര്യ കമല അർഹയായി.
പുരസ്കാരങ്ങൾ ഈ മാസം 30ന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ മോഹൻലാൽ വിതരണം ചെയ്യുമെന്നു പത്മരാജൻ ട്രസ്റ്റ് ചെയർമാൻ വിജയകൃഷ്ണൻ, ജനറൽ സെക്രട്ടറി പ്രദീപ് പനങ്ങാട്, സെക്രട്ടറി എസ്. ചന്ദ്രശേഖർ എന്നിവർ അറിയിച്ചു.