നീരവ് മോദി അറസ്റ്റിൽ, ജാമ്യമില്ല
Thursday, March 21, 2019 12:28 AM IST
ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു പണം തട്ടിച്ചു നാടുവിട്ട വജ്രവ്യാപാരി നീരവ് മോദിയെ സ്കോട്ലൻഡ് യാർഡ് ലണ്ടനിൽ അറസ്റ്റ് ചെയ്തു. വെസ്റ്റ്മിൻസ്റ്റർ കോടതിയിൽ ഹാജരാക്കിയ മോദിക്കു ജാമ്യം നല്കിയില്ല. മാർച്ച് 29 വരെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. നീരവ് മോദിയെ (48) ഇന്ത്യൻ അധികൃതർക്കുവേണ്ടി ചൊവ്വാഴ്ച ഹോൾബോണിൽനിന്ന് അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റൻ പോലീസ് പ്രസ്താവനയിൽ അറിയിച്ചു.
നീരവ്മോദിക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച തിരിച്ചയയ്ക്കൽ ഹർജിയിൽ ലണ്ടൻ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെത്തുടർന്നാണ് അറസ്റ്റ്. നേരത്തേ പുറത്തുവന്ന വാർത്തകളെ സാധൂകരിക്കുന്ന തരത്തിലാണു മോദിയുടെ അറസ്റ്റ്. മോദി ഒളിവിൽ കഴിയുന്നതായി മാധ്യമ റിപ്പോർട്ടുകളിൽ പറഞ്ഞിരുന്ന ലണ്ടനിലെ വെസ്റ്റ് എൻഡിലെ വസതിയിൽനിന്നുതന്നെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ ബാങ്കുകൾക്കു കുടിശിക വരുത്തി ലണ്ടനിലേക്ക് കടന്ന മദ്യരാജാവ് വിജയ് മല്യ നേരിടുന്ന നടപടികളാണ് നീരവ് മോദിയും നേരിടേണ്ടി വരുക.
2017 ഏപ്രിലിൽ ഇന്ത്യയുടെ പുറത്താക്കൽ ഹർജിയെത്തുടർന്ന് മല്യയെ അറസ്റ്റ് ചെയ്തു കോടതിൽ ഹാജരാക്കിയിരുന്നു. യുകെ ആഭ്യന്തരസെക്രട്ടറി സാജിദ് ജാവേദ് പുറത്തിറക്കിയ തിരിച്ചയയ്ക്കൽ ഉത്തരവിനെതിരേ മല്യ വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്. നീരവ് മോദിയുടെ പുറത്താക്കൽ ഹർജിക്ക് കഴിഞ്ഞമാസമാണ് ആഭ്യന്തരസെക്രട്ടറി അനുമതി നൽകിയത്.
മോദി ലണ്ടൻ വെസ്റ്റ് എൻഡിലെ സെന്റർ പോയിന്റ് ടവർ ബ്ലോക്കിൽ ആഡംബര ഫ്ളാറ്റിലാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ വർഷം ലണ്ടനിലെത്തിയെന്നാണ് കുരുതുന്നത്. 2018 ഫെബ്രുവരിയിൽ ഇന്ത്യൻ അധികൃതർ പാസ്പോർട്ട് റദ്ദാക്കിയിട്ടും നാലു തവണ മോദി ബ്രിട്ടനിൽനിന്നു വിദേശയാത്ര നടത്തിയിട്ടുണ്ട്.
ഓൾഡ് ബോണ്ട് സ്ട്രീറ്റിൽ അടഞ്ഞുകിടക്കുന്ന നീരവ് മോദി എന്നു പേരുള്ള മോദിയുടെ ആഭരണക്കടയുടെ മുകളിൽ ഇയാൾ താമസിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. നിലവിൽ മോദി വാച്ചുകളുടെയും ആഭരണങ്ങളുടെയും വ്യാപാരം നടത്തുകയാണെന്നും റിപ്പോർട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു വ്യാജരേഖകൾ ചമച്ച് 13,500 കോടി രൂപ തട്ടിയെടുത്ത മോദിയും അമ്മാവൻ മെഹുൽ ചോക്സിയും 2018 ജനുവരിയിലാണ് ആണ് ഇന്ത്യ വിട്ടത്.