സൂപ്പർ ലാർജ് റോക്കറ്റ് ലോഞ്ചറുമായി ഉത്തരകൊറിയ
Monday, August 26, 2019 12:18 AM IST
സിയൂൾ: പുതുതായി വികസിപ്പിച്ച സൂപ്പർ ലാർജ് മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ ശനിയാഴ്ച ഉത്തരകൊറിയ വിജയകരമായി പരീക്ഷിച്ചു. വിക്ഷേപണം വീക്ഷിക്കാൻ കിം ജോംഗ് ഉൻ എത്തിയിരുന്നു. മഹത്തായ ആയുധമാണിതെന്നു പറഞ്ഞ കിം, ലോഞ്ചർ ഘടിപ്പിച്ച വാഹനത്തിനു മുന്നിൽ പുഞ്ചിരിച്ചുകൊണ്ടു നിൽക്കുന്ന ഫോട്ടോ കെസിഎൻഎ പുറത്തുവിട്ടു.
ഇതേസമയം, ഉത്തരകൊറിയയുടെ മിസൈൽ വിക്ഷേപണത്തെ വിലയിടിച്ചു കാണിക്കാനാണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശ്രമിച്ചത്. മിസൈലുകൾ പറക്കുന്നതു കാണാൻ കിമ്മിന് വളരെ ഇഷ്ടമാണെന്നു പറഞ്ഞ ട്രംപ്, ഹ്രസ്വദൂര മിസൈലുകൾ വിക്ഷേപിക്കുന്നതിന് പ്യോഗ്യാംഗിനു വിലക്കില്ലെന്നും ചൂണ്ടിക്കാട്ടി. എന്തു ചെയ്യണമെന്നു കാത്തിരുന്നു കാണാമെന്നും ട്രംപ് പറഞ്ഞു.
യുഎസുമായി ആണവ ചർച്ച പുനരാരംഭിക്കുന്പോൾ മേൽക്കൈനേടുക എന്ന ലക്ഷ്യത്തോടെയാണ് തുടർച്ചയായി ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിക്കുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ശനിയാഴ്ച രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളാണു വിക്ഷേപിച്ചത്. 97 കിലോമീറ്റർ ഉയരത്തിലെത്തിയ മിസൈലുകൾ 380 കിലോമീറ്റർ ദൂരം താണ്ടി. ഒരു മാസത്തിനുള്ളിൽ ഉത്തരകൊറിയ നടത്തിയ ഏഴാമത്തെ മിസൈൽ വിക്ഷേപണമായിരുന്നിത്.