സ്വിറ്റ്സർലൻഡിലും ഓസ്ട്രിയയിലും തീവ്രവാദി ആക്രമണങ്ങൾ
Friday, November 27, 2020 1:45 AM IST
വിയന്ന: ഇസ്ലാമിലേക്കു മതപരിവർത്തനം ചെയ്ത ഒരു സ്ത്രീ സ്വിറ്റ്സർലൻഡിലെ ലുഗാനോ പട്ടണത്തിൽ ഒരു സൂപ്പർ മാർക്കറ്റിൽവച്ച് രണ്ടു സ്ത്രീകളെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. സിറിയക്കാരനായ ഒരു ഐഎസ് ഭീകരനെ വിവാഹം കഴിക്കാനായി മതം മാറിയ തീവ്രവാദി സ്ത്രീ 2017ൽ സിറിയയിലേക്കു പോകാൻ തുർക്കിയിലെത്തിച്ചെങ്കിലും തുർക്കി പോലീസ് സ്വിറ്റ്സർലൻഡിലേക്കു തിരിച്ചയയ്ക്കുകയായിരുന്നു.
സാമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഐഎസ് ഭീകരനിൽ അനുരക്തയായ സ്ത്രീ മാതൃരാജ്യത്തു തിരിച്ചെത്തിയതിനു ശേഷം മാനസികരോഗത്തിനു ചികിത്സതേടുകയുണ്ടായി. പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്ന ഇവർ ആക്രമണത്തിനു മുതിരുന്നത് ആദ്യമായാണ്. ഒരു സ്ത്രീയുടെ കഴുത്തിൽ കഠാര കുത്തിയിറക്കുകയും മറ്റൊരു സ്ത്രീയെ അടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു.
ഓസ്ട്രിയായിലെ ഗ്രാസ് പട്ടണത്തിൽ ബസിൽ യാത്രചെയ്യുകയായിരുന്ന ഒരു കന്യാസ്ത്രീയുടെ തലയ്ക്ക് ഒരു അഫ്ഗാൻ അഭയാർഥി അതിശക്തമായി ഇടിച്ചു പരിക്കേൽപ്പിച്ചു. യാതൊരു പ്രകോപനവും കൂടാതെയാണ് 76കാരിയായ കന്യാത്രീയുടെ തലയ്ക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ അവരുടെ ശ്രവണസഹായി തെറിച്ചുപോയി. സഹയാത്രികർ അക്രമിയെ പിടിച്ച് പോലീസിൽ ഏല്പിച്ചു.