നെതന്യാഹു യുഗത്തിന് അന്ത്യം!
Thursday, May 6, 2021 12:46 AM IST
ജറുസലേം: ഇസ്രയേലിൽ പുതിയ സർക്കാർ രൂപവത്കരിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് പ്രസിഡന്റ് നൽകിയ സമയം ബുധാനാഴ്ച അർധരാത്രിയോടെ അവസാനിച്ചു. തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ സർക്കാർ രൂപവത്കരിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പ്രസിഡന്റ് ക്ഷണിക്കുകയായിരുന്നു. മാർച്ചിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 30 സീറ്റുകളാണു ലഭിച്ചത്.
120 അംഗ ഇസ്രേലി പാർലമെന്റിൽ 61 സീറ്റുകളാണു കേവലഭൂരിപക്ഷത്തിനു വേണ്ടത്. നിലവിലെ സർക്കാരിന്റെ കാലാവധി ചൊവ്വാഴ്ച രാത്രി അവസാനിച്ചു.
പുതിയ സർക്കാർ രൂപവത്കരിക്കാൻ നെതന്യാഹുവിനു സാധിക്കാത്തതോടെ യെഷ് അതി, യാമിന പാർട്ടി നേതാക്കളെ സർക്കാർ രൂപവത്കരിക്കാൻ പ്രസിഡന്റ് ക്ഷണിച്ചു. ഇതോടെ 2009 മുതലുള്ള നെതന്യാഹു യുഗത്തിന് അന്ത്യമായി. 1996ൽ ആദ്യമായി പ്രധാനമന്ത്രിക്കസേരയിലെത്തിയ നെതന്യാഹു 2009 മുതൽ തുടർച്ചയായി അധികാരം നിലനിർത്തി.
പുതിയ സർക്കാർ രൂപവത്കരിക്കാൻ ഭൂരിപക്ഷമില്ലെന്നു ചൊവ്വാഴ്ച രാത്രി നെതന്യാഹു അറിയിച്ചതായി പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി. ഇതോടെ സർക്കാർ രൂപവത്കരിക്കുന്നതിനുള്ള സഖ്യമുണ്ടാക്കാൻ പ്രസിഡന്റ് റിവ്ലിൻ മറ്റു പാർട്ടികളെ ക്ഷണിച്ചു. യെഷ് അതി പാർട്ടി ചെയർമാൻ യെർ ലാപിഡ്, യാമിന പാർട്ടി ചെയർമാൻ നഫ്താലി ബെന്നറ്റ് എന്നിവരുമായി പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി. സർക്കാർ രൂപീകരിക്കാൻ പാർട്ടികൾക്ക് പ്രസിഡന്റ് മൂന്നു ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.